മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 202021 വര്‍ഷം ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലെ 76498 കുടുംബങ്ങള്‍ 4766322 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കി. ഒരു കുടുംബം ശരാശരി 63 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിക്കുകയും 23866 കുടുംബങ്ങള്‍ നൂറ് ദിവസംപൂര്‍ത്തീകരിക്കുകയും ചെയ്തു. 10541 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 915991 തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്.

മുന്‍വര്‍ഷത്തേക്കാള്‍ 9400 കുടുംബങ്ങള്‍ പുതുതായി തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളികളായി. കോവിഡ് പ്രതിസന്ധിക്കിടയിലും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് ഉല്പാദനപരമായ വ്യക്തിഗത, സാമൂഹ്യ ആസ്തി സൃഷ്ടിക്കുന്നതിലും വലിയ നേട്ടമാണ് ജില്ല കൈവരിച്ചത്.

ജില്ലയില്‍ 195 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കിയത്. ഇതില്‍ 142.56 കോടി രൂപ അവിദഗ്ധ തൊഴില്‍ കൂലി ഇനത്തിലും 47.12 കോടി രൂപ വിദഗ്ധ തൊഴില്‍ കൂലി മെറ്റീരിയല്‍ ഇനത്തിലും 5.37 കോടി രൂപ ഭരണ ചെലവിനത്തിലും ചെലവഴിച്ചു. മുന്‍കാലങ്ങളില്‍ മെറ്റീരിയല്‍ വിദഗ്ധ കൂലിയിനം 10 ശതമാനം അധികരിക്കാതിരുന്ന ജില്ല ഈ വര്‍ഷം ആകെ ചെലവഴിച്ച തുകയുടെ 25 ശതമാനം മെറ്റീരിയല്‍ ഇനത്തിലാണെന്നത് പ്രധാന നേട്ടമാണ്.


ഒന്നാം സ്ഥാനത്ത് പരപ്പ ബ്ലോക്ക്

14.79 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് 63.8 കോടി രൂപ ചെലവഴിച്ച പരപ്പ ബ്ലോക്ക് പഞ്ചായത്താണ് ജില്ലയില്‍ ഒന്നാമന്‍. 9.26 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. ഗ്രാമപഞ്ചായത്തുകളില്‍ മൂന്ന് ലക്ഷത്തിനു മുകളില്‍ തൊഴില്‍ ദിനം സൃഷ്ടിച്ച കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. രണ്ട് ലക്ഷത്തിനുമുകളില്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച പനത്തടി ഗ്രാമപഞ്ചായത്ത്, മടിക്കൈ ഗ്രാമപഞ്ചായത്ത്, ബേഡഡുക്ക ഗ്രാമപഞ്ചായത്ത്, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത്, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് എന്നിവയും മികച്ച പ്രവര്‍ത്തനം ആവിഷ്‌കരിച്ച് നടപ്പാക്കി.

വ്യക്തിഗതവും സാമൂഹികവുമായ സഷ്ടി ആസ്തികള്‍ക്ക് പുറമെ സുഭിക്ഷ കേരളം, ശുചിത്വ കേരളം പദ്ധതികളോട് അനുബന്ധിച്ചും ആസ്തി വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. ഫാം പോണ്ട്, പശുത്തൊഴുത്ത്, ആട്ടിന്‍ കൂട്, കോഴിക്കൂട്, അസോള ടാങ്ക്, തീറ്റപ്പുല്‍ കൃഷി, കിണര്‍ റീച്ചാര്‍ജ്, എസ് എച്ച് ജി വര്‍ക്ക് ഷെഡ്, റിംഗ് ചെക്ക്ഡാം, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, മിനി എം സി എഫ്, വ്യക്തിഗത ജലസേചന കിണര്‍ തുടങ്ങിയ നിര്‍മ്മിച്ചു.കൂടാതെ ഭവന നിര്‍മ്മാണം ലൈഫ് പിഎംഎവൈ (90 ദിവസം കൂലി) ജിയോ ടെക്‌സ്‌റ്റൈല്‍ ഉപയോഗിച്ചുളള തോട് കുളം നദീതട സംരക്ഷണം മുളകൃഷിവ്യാപനം, വനവല്‍ക്കരണം, കണ്ടല്‍ക്കാടുകള്‍, പച്ചത്തുരുത്ത്, അടിസ്ഥാന സൗകര്യ വികസനം റോഡ്, നടപ്പാത, അംഗന്‍വാടി കെട്ടിടം, കളിസ്ഥലം, സ്‌കൂള്‍ ഭോജനശാല, തരിശുഭൂമി വികസനം, കൃഷി ജലസേചന സൗകര്യം എന്നിങ്ങനെ പ്രവൃത്തികളും തൊഴിലുറപ്പിലൂടെ ഏറ്റെടുത്ത് നടപ്പിലാക്കി.

ഇനി ലക്ഷ്യം 60 ലക്ഷം തൊഴില്‍ ദിനങ്ങള്‍

202122 വര്‍ഷം 60 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനും, എല്ലാ ഗ്രാമ പഞ്ചായത്തിലും 200 പേരുള്ള വിദഗ്ധ തൊഴിലാളി കളുടെ ലേബര്‍ ബാങ്ക് രൂപീകരിക്കുക വഴി വ്യക്തിഗത ആസ്തി സൃഷ്ടിക്കുന്നതിലും പ്രകൃതി വിഭവപരിപാലന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുവെന്ന് ദാരിദ്യനിര്‍മ്മാര്‍ജ്ജന വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ പ്രദീപന്‍ പറഞ്ഞു. കൂടാതെ ഭൂമിശാസ്ത്ര വിവരസാങ്കേതികവിദ്യ (ജി.ഐ.എസ്) അടിസ്ഥാനമാക്കിയുളള മൈക്രോ വാട്ടര്‍ ഷെഡ് മാസ്റ്റര്‍പ്ലാന്‍ കേരള സ്റ്റേറ്റ് ലാന്റ് യൂസ് ബോര്‍ഡ് സഹായത്തോടെ പഞ്ചായത്തുകളും തയ്യാറാക്കുകയും ഗ്രാമ ഗ്രാമസഭാ അംഗീകാരത്തോടെ ഷെല്‍ഫ് ഓഫ് പ്രോജക്ട്‌സ് വാര്‍ഷിക കര്‍മ്മ പദ്ധതി തയ്യാറാക്കി നടപ്പിലാക്കുകയും ചെയ്യുന്നു. നിലവിലുളള സജീവ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വിദഗ്ദ്ധ തൊഴില്‍ പരിശീലനം നലകുന്നതിന് ഡി.ഡി.യു.ജി.കെ.വൈ. കുടുംബശ്രീ, ആര്‍എസ്ഇടിഐ എന്നീ സ്ഥാപനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനും വേജ് എംപ്ലോയിമെന്റില്‍ നിന്നും ഫുള്‍ എംപ്ലോയിമെന്റിലേക്ക് നയിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.