കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ വീഡിയോകൾ സംപ്രേഷണം ചെയ്യുന്നതോടൊപ്പം പൊതുജനങ്ങൾക്ക് സംശയ നിവൃത്തി വരുത്താനുള്ള പ്രത്യേക ലൈവ് ഫോൺ-ഇൻ പരിപാടികളും കൈറ്റ് വിക്ടേഴ്‌സിൽ ഇന്ന് (മേയ് 6) ആരംഭിക്കും. ആരോഗ്യ വകുപ്പുമായി ചേർന്ന് കൈറ്റ് വിക്ടേഴ്‌സ് സംപ്രേഷണം ചെയ്യുന്ന ‘അതിജീവന’ത്തിൽ കോവിഡ് 19 പരിശോധന, ക്വാറന്റീൻ, ഹോം ഐസൊലേഷൻ, ചികിത്സാ മാനദണ്ഡങ്ങൾ, പ്രതിരോധ മാർഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങൾ അതത് മേഖലയിലെ വിദഗ്ധ ഡോക്ടർമാരോട് നേരിട്ട് ചോദിക്കാൻ അവസരം ലഭിക്കും.
ബാക് ടു ബേസിക് ക്യാമ്പയിൻ, വാക്‌സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും വൈറസിന്റെ ജനിതകമാറ്റം, ഇ-സഞ്ജീവനി തുടങ്ങിയ മേഖലകളെക്കുറിച്ചും സംശയ നിവൃത്തി നടത്താൻ കഴിയും. ആദ്യ ഘട്ടത്തിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ 3.30 വരെയാണ് തത്സമയം ചോദ്യങ്ങൾ ചോദിക്കാൻ അവസരം. പുനഃസംപ്രേഷണം രാത്രി എട്ട് മണി മുതൽ 9.30 വരെ. ഇന്ന് (വ്യാഴം) ‘കോവിഡ് 19 ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന വിഷയവും നാളെ (വെള്ളി) ‘വാക്‌സിനേഷനും കോവിഡ് രണ്ടാം തരംഗത്തിലെ ജനിതക മാറ്റവും’ എന്ന വിഷയവുമാണ് ‘അതിജീവന’ത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇതോടൊപ്പം കുട്ടികൾക്കും രക്ഷിതാക്കൾക്കും കോവിഡ് 19 കാലത്തെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പുമായി ചേർന്ന് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 11 മുതൽ 12 വരെ പ്രത്യേക ഫോൺ-ഇൻ പരിപാടിയും കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുമെന്ന് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. നാളത്തെ (വെള്ളി) വിഷയം ‘കോവിഡ് കാലത്തെ പഠന പ്രശ്‌നങ്ങളും പരിഹാര മാർഗങ്ങളും’ എന്നതാണ്. ലൈവ് സമയത്ത് കൈറ്റ് വിക്ടേഴ്‌സിലേയ്ക്ക് വിളിക്കേണ്ട ടോൾ ഫ്രീ നമ്പർ: 1800 425 9877.
‘അതിജീവനം’ തത്സമയം കൈറ്റ് വിക്ടേഴ്‌സിന്റെ വെബ് ചാനൽ വഴിയും ഫേസ്ബുക്ക്, യുട്യൂബ് (itsvicters) പേജുകൾ വഴിയും കാണാം.