പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും ചേര്‍ന്ന്ര പ്രീ സ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ ‘പ്രശിക്ഷ 2022’ ദ്വിദിന പരിശീലനം സമാപിച്ചു.ശാസ്ത്രീയവും അന്തര്‍ദേശീയ നിലവാരത്തിലുള്ളതുമായ പ്രീ സ്‌കൂളുകള്‍ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് അധ്യാപക ശാക്തീകരണ പരിപാടി നടത്തിയത്. ജില്ലയിലെ 41 അംഗീകൃത പ്രീ സ്‌കൂളുകളിലെ 73 അധ്യാപികമാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. കുട്ടികളുടെ വ്യക്തിത്വ വികാസവുമായി ബന്ധപ്പെട്ട അടിസ്ഥാന ശേഷികള്‍ നേടാന്‍ സംഗീതം, നിര്‍മ്മാണം, കഥ, അഭിനയം, വായന തുടങ്ങിയവയുമായി ബന്ധപ്പെടുത്തി എങ്ങനെ മികച്ച അനുഭവങ്ങളൊരുക്കാം, പ്രീ സ്‌കൂള്‍ പഠനാനുഭവങ്ങള്‍ എങ്ങനെ ആസൂത്രണം ചെയ്യാം, നിര്‍മ്മാണ ശില്പശാലയിലൂടെയും കഥാ ശില്പശാലയിലൂടെയും എങ്ങനെ കുട്ടികളുടെ ശേഷി വികസനം ഉറപ്പാക്കാം എന്നീ വിഭാഗങ്ങളിലാണ് പരിശീലനം നല്‍കിയത്.

കുട്ടികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കുന്ന രീതിയില്‍ ക്ലാസ് റൂമിനകത്തും പുറത്തും കളികളിലൂന്നിയുള്ള പഠനം, ശിശു സൗഹൃദ അന്തരീക്ഷമൊരുക്കി പ്രവര്‍ത്തനങ്ങളൊരുക്കുക, രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ ശാസ്ത്രീയമായ പ്രീ സ്‌കൂള്‍ സംവിധാനത്തിലേക്ക് എത്താനുള്ള ചര്‍ച്ചകളും പരിശീലനത്തിന്റെ ഭാഗമായി നടന്നു. ജില്ലയിലെ ആദ്യത്തെ മാതൃകാ പ്രീ സ്‌കൂള്‍ കഴിഞ്ഞ ഡിസംബറില്‍ മേലാങ്കോട്ടു സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി നാടിന് സമര്‍പ്പിച്ചിരുന്നു. ഈ വര്‍ഷം ഒന്‍പത് മാതൃകാ പ്രീസ്‌കൂളുകളാണ് ജില്ലയില്‍ പ്രവര്‍ത്തന സജ്ജമാവുന്നത്.

പ്രശിക്ഷാ പരിശീലനം രണ്ട് ബാച്ചുകളിലായി ബി ആര്‍ സി ബേക്കല്‍, ജി യു പി സ്‌കൂള്‍ പുതിയകണ്ടം എന്നിവിടങ്ങളിലായാണ് സംഘടിപ്പിച്ചത്. ജില്ലാ തല ഉദ്ഘാടനം ജിയുപി പുതിയ കണ്ടം സ്‌കൂളില്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.എം. ബാലന്‍ നിര്‍വ്വഹിച്ചു. ബി ആര്‍ സി ബേക്കലില്‍ നടന്ന പരിശീലനം സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ പി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ കെ.പി.രഞ്ജിത്ത്, എം.എം.മധുസൂദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിനോദ് കുട്ടമത്ത്, ഇ.വി.നാരായണന്‍, രാജഗോപാലന്‍, സനില്‍ കുമാര്‍, റോഷ്‌ന, ആശ, നിമ്മി, ജുബൈരിയ എന്നിവര്‍ ക്ലാസ്സെടുത്തു.