തൃശൂർ നഗരത്തെ ആവേശത്തിൽ നിറച്ച് പെൺപടയുടെ ഡാൻസ്

ആൾക്കൂട്ടത്തിന്റെ ഭാഗമായി നിന്ന്, പൊടുന്നനെ നിരത്തിൽ നൃത്തം ചെയ്തു തുടങ്ങുന്ന ഒരു കൂട്ടം പെൺകുട്ടികൾ ശനിയാഴ്ച നഗരത്തെ ആട്ടവും പാട്ടും കൊണ്ട് കീഴടക്കി. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ പ്രചരണത്തിന് ആദ്യത്തെ അരങ്ങുണർത്തിയത് യുവതലമുറയുടെ ഈ കലാസംഘമാണ്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 18 മുതൽ 24 വരെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം നഗരത്തിന്റെ വിവിധ ഇടങ്ങളിലാണ് തൃശൂർ മിനർവ സ്‌കിൽ അക്കാദമിയുടെ നേതൃത്വത്തിലുള്ള സംഘം ഫ്ലാഷ് മൊബ് അവതരിപ്പിച്ചത്.

സംഗീതത്തിനൊപ്പം കുട്ടികളുടെ ചുവടുകൾ കൂടിയായതോടെ കാഴ്ചക്കാർക്കും ഫ്ലാഷ് മോബ് ആവേശമായി. തൃശൂർ ശക്തൻ ബസ് സ്റ്റാൻഡ്, വടക്കേ സ്റ്റാന്റ്, തെക്കേ ഗോപുര നട എന്നീ സ്ഥലങ്ങളിലാണ് സംഘം ഫ്ലാഷ് മൊബ് സംഘടിപ്പിച്ചത്. ആര്യ പ്രദീപ്, റോഷിമ പി ആർ, കൃഷ്ണപ്രിയ പി എസ്, ആദിത്യ മനോജ്, സോന കെ എസ്, ഷെഹന ടി എ, സരസ്വതി ആർ എന്നിവർ ഉൾപ്പെട്ട 7 പേരടങ്ങുന്ന സംഘമാണ് ചുവടുകൾ വെച്ചത്. എന്റെ കേരളം എന്റെ അഭിമാനം, ഉണർവോടെ ഉറപ്പോടെ കേരളം എന്നിങ്ങനെയുള്ള പ്ലക് കാർഡുകളേന്തി അക്കാദമിയിലെ മുപ്പതോളം സ്റ്റാഫുകളും ഫ്ലാഷ് മൊബിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. രാജേഷ്, വിനിൻ വിൻസി, ലിയ ആന്റോ, ശരണ്യ, ബ്രിഡി പോളി, റിജു ചാക്കോ, അശ്വിൻ, രേവതി പ്രഭാകരൻ, സയന ലിൻസൻ, അഖില എന്നിവരാണ് ഫ്ലാഷ് മൊബിന് നേതൃത്വം നൽകിയത്.