റവന്യൂ കലോത്സവത്തിന്റെ ഭാഗമായ കായിക-അത്ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് (ഏപ്രിൽ 24) തുടക്കമാകും. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം നിർവഹിക്കും. എ.ഡി.എം. ജിനു പുന്നൂസ്, പാലാ ആർ.ഡി.ഒ. പി.ജി രാജേന്ദ്ര ബാബു എന്നിവർ സന്നിഹിതരാകും. തുടർന്ന് അത്ലറ്റിക്സ്് വിഭാഗത്തിൽ 100, 400, 1500 മീറ്റർ, 4×100 റിലേ മത്സരങ്ങളും ഷോട്ട്പുട്ട്, ലോങ്ജംപ്, പഞ്ചഗുസ്തി മത്സരങ്ങളും നടക്കും.

ഏപ്രിൽ 25ന് രാവിലെ ഒമ്പതിന് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൺ മത്സരം നടക്കും. വനിതകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് മത്സരങ്ങളാണ് നടക്കുക. കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ 26 ന് രാവിലെ ഒമ്പതുമുതൽ ക്രിക്കറ്റ് മത്സരം നടക്കും. 11 അംഗ ക്രിക്കറ്റ് ടീമിൽ രണ്ട് വനിതകൾ ഉണ്ടായിരിക്കും. ഫുട്ബോൾ മത്സരം 28ന് രാവിലെ ഒമ്പതിന് കോട്ടയം നെഹ്റു സ്റ്റേഡിയത്തിലാണ് നടക്കുക.

മാപ്പിളപ്പാട്ട്, തിരുവാതിര, ഒപ്പന (പുരുഷന്മാർ, സ്ത്രീകൾ), ഓട്ടൻതുള്ളൽ, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, മൂകാഭിനയം, എകാങ്കനാടകം എന്നീ മത്സരങ്ങളാണ് ഇന്നലെ നടന്നത്.

ജില്ലാതല കലാമത്സരങ്ങളിൽ വ്യക്തിഗത, ഗ്രൂപ്പിനങ്ങളിൽ ആദ്യ സ്ഥാനത്തിലെത്തുന്നവരും കായിക ഇനങ്ങളിലെ ഒന്നും രണ്ടും വിജയികളാകുന്നവർക്കും മേയ് അവസാനം തൃശൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാം.