ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി അമൃത് വൻ പദ്ധതിയിൽ പങ്കാളിയായി ചാലക്കുടി വനം ഡിവിഷൻ. നായരങ്ങാടിയിൽ തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസർ കെ ആർ അനൂപ് വൃക്ഷത്തൈകൾ നട്ടുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരത്തോട് ചേർന്നുള്ള അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പ്രത്യേക സ്ഥലം കണ്ടെത്തിയാണ് മരങ്ങൾ വച്ചുപിടിപ്പിക്കുന്നത്.
ഇത്തരത്തിൽ നടുന്ന മരങ്ങൾക്ക് വനം വകുപ്പ് പ്രത്യേക സംരക്ഷണം നൽകും. ഒഴിവ് സമയം ചെലവഴിക്കാനും വ്യായാമത്തിന് ഉപകരിക്കുന്ന ഇടമാക്കി മാറ്റാനും സാധിക്കുമെന്ന് കെ.ആർ അനൂപ് പറഞ്ഞു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. എസ്. മാത്യു, പാലപ്പിള്ളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീർ, വെള്ളിക്കുളങ്ങര റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജോബിൻ ജോസഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി സംസ്ഥാന വനം-വന്യജീവി വകുപ്പ് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന പദ്ധതിയാണ് അമൃത് വൻ. സംസ്ഥാനത്ത് ഏഴ് സ്ഥലങ്ങളിലാണ് സ്മൃതി വനങ്ങള്‍ നടപ്പിലാക്കുന്നത്.