മാതൃശിശു സൗഹൃദ ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷന്‍ വിലയിരുത്തല്‍ പ്രക്രിയയില്‍ 98.65 ശതമാനം മാര്‍ക്കോടെ മഞ്ചേരി മെഡിക്കല്‍ കോളജ് യോഗ്യത നേടി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആരോഗ്യസ്ഥാപനമാണ് മഞ്ചേരി മെഡിക്കല്‍ കോളജ്. ജില്ലയില്‍ ഈ യോഗ്യത നേടുന്ന നാലാമത്തെ സ്ഥാപനമാണ് മഞ്ചേരി മെഡിക്കല്‍ കോളജ്. പ്രതിമാസം 400 ലധികം പ്രസവമാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. ഇത്രയും അധികം പ്രസവം നടക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളജിന് ഈ അംഗീകാരം പൊന്‍തൂവലാണ്. സംസ്ഥാനത്ത് തന്നെ ആദ്യം യോഗ്യത നേടിയത് പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ആയിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ പ്രസവം നടക്കുന്ന ആശുപത്രിയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് മാതൃ ശിശു സൗഹൃദാശുപത്രി സംരംഭം(മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേററീവ്് ). യൂണിസെഫും ലോകാരോഗ്യ സംഘടനയും നിശ്ചയിച്ചിട്ടുളള 10 ഗുണനിലവാര സൂചികയും കൂടാതെ മാതൃശിശു സൗഹൃദവും ആരോഗ്യവും സംബന്ധിച്ച സൂചികകളില്‍ അധിഷ്ഠിതമായ 130 ചെക്ക് പോയിന്റുകള്‍ അടങ്ങിയ ഒരു സ്റ്റാന്‍ഡേര്‍ഡ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചെക്ക് പോയിന്റുകള്‍ക്ക് അനുസരിച്ചാണ് ആശുപത്രിയില്‍ വിലയിരുത്തല്‍ പ്രക്രിയ നടന്നത്. ഈ പദ്ധതി പ്രകാരം പത്ത് കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഓരോ ജീവനക്കാരെയും ഈ പദ്ധതി നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധരാക്കുക, മുലപ്പാലിന് ബദലായി ഉപയോഗിക്കുന്ന ശിശു ഭക്ഷണങ്ങളുടെ വിപണനത്തെ സംബന്ധിച്ചുളള അന്താരാഷ്ട്ര നിബന്ധനകളും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുളള ലോകാരോഗ്യ സമ്മേളനങ്ങളുടെ നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കുക, ഫലപ്രദമായ മുലയൂട്ടല്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകം എഴുതി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആശുപത്രി ജീവനക്കാര്‍ക്കും മാതാപിതാക്കള്‍ക്കും പതിവായി നല്‍കുക, നവജാത ശിശുക്കളെ അമ്മമാര്‍ സമയാ സമയങ്ങള്‍ മുലയൂട്ടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് കാര്യക്ഷമമായ നീരീക്ഷണ സംവിധാനം ഉറപ്പാക്കുകയും അവ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുക, നവജാത ശിശുക്കളെയും അമ്മമാരെയും പരിചരിക്കുന്ന ആശുപത്രി ജീവനക്കാര്‍ക്ക് മതിയായ അറിവും കാര്യക്ഷമതയും വൈദഗദ്യവും ഉണ്ടെന്ന് ഉറപ്പ് വരുത്തുക, മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗര്‍ഭിണികളെയും അവരുടെ കുടുംബാംഗങ്ങളെയും ബോധവല്‍ക്കരിക്കുക, പ്രസവാനന്തരം എത്രയും വേഗത്തില്‍ നവജാത ശിശുവും മാതാവും തമ്മില്‍ വേര്‍പ്പിരിയാത്ത സാമീപ്യം സാധ്യമാക്കുകയും കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിന് അമ്മമാരെ പ്രോത്സാഹിപ്പിക്കുന്നതിന് സാഹായിക്കുകയും ചെയ്യുക, മുലയൂട്ടുമ്പോള്‍ ഏതെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകള്‍ അമ്മമാര്‍ക്കുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനും തടസമില്ലാതെ മുലയൂട്ടുന്നതിനും സഹായിക്കുക, നവജാത ശിശുക്കള്‍ക്ക് മുലപ്പാലിന് പകരം നല്‍കുന്ന പൂരക ഭക്ഷണങ്ങളുടെ ദോഷങ്ങളെ കുറിച്ച് അമ്മമാരെ ബോധവല്‍ക്കരിക്കുക, പ്രസവാനന്തരം വീടുകളിലേക്ക് മടങ്ങുന്ന അമ്മമാര്‍ക്കും നവജാത ശിശുക്കള്‍ക്കും സമയാസമയങ്ങളില്‍ ആവശ്യമായ പിന്തുണയും പരിചരണവും ഉറപ്പാക്കുക, പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും സ്വന്തം മാതാവിന്റെ മുലപ്പാല്‍ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഓരോ ജീവനക്കാര്‍ക്കും പ്രത്യേകം പരിശീലനം നല്‍കി. ഗര്‍ഭകാലം മുതല്‍ പരിശോധനക്കെത്തുന്ന ഓരോ സ്ത്രീക്കും മുലപ്പാല്‍ നല്‍കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും മുലപ്പാല്‍ നല്‍കുന്നതിനുളള ആത്മധൈര്യവും സഹായവും നല്‍കുന്നതിനുതകുന്ന രീതിയില്‍ വിശദമായ ക്ലാസുകളും നല്‍കുന്നു. നാഷനല്‍ ഹെല്‍ത്ത് മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും ആശുപത്രി ജീവനക്കാരുടെയും പരിശ്രമത്തിന്റെ ഫലമായാണ് കോളജിന് മികച്ച വിജയം നേടാനായത്.