കോട്ടയം: ജില്ലയിൽ ഈ ഓണക്കാലത്തു പൂക്കളം തീർക്കുന്നതു കുടുംബശ്രീയുടേയും തൊഴിലുറപ്പു തൊഴിലാളികളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും സ്വന്തം കൃഷിയിടങ്ങളിൽ പൂത്തുലഞ്ഞ പൂക്കളും. ബന്ദിയും ജമന്തിയും വാടാമല്ലിയുമായി ജില്ലയിൽ 18.40 ഏക്കറിലാണ് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലും സഹകരണത്തോടെയും പുഷ്പകൃഷി നടത്തി ഓണവിപണിയിലേക്കു ‘സ്വന്തം പൂക്കൾ’ എത്തിക്കുന്നത്.
തൊഴിലുറപ്പ് പ്രവർത്തകർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ(ജെ.എൽ.ജി), പുരുഷസ്വയം സഹായസംഘങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ പുഷ്പകൃഷി.


ഏറ്റവുമധികം പുഷ്പകൃഷി വൈക്കം ബ്‌ളോക്കിലാണ്. ഇവിടെ അൻപതോളം സംഘങ്ങളാണ് പുഷ്പകൃഷി നടത്തിയത്. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ‘നിറവ് പദ്ധതി’യിൽ ഉൾപ്പെടുത്തി എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പാക്കിയ ‘ഒരുകുട്ട പൂവ്’പദ്ധതിയിൽ 15 ഏക്കർ സ്ഥലത്താണ് ബന്ദിപ്പൂ കൃഷി. പച്ചക്കറിയോടൊപ്പം നടത്തുന്ന പുഷ്പകൃഷിയ്ക്കായി എട്ടുലക്ഷം രൂപ ചെലവഴിച്ചു. മറവൻതുരുത്ത്, ചെമ്പ്, തലയാഴം പഞ്ചായത്തുകളിലെ പുഷ്പകൃഷി വിളവെടുപ്പും നടന്നു.

നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ കൈപ്പുഴ സെന്റ് ജോർജ് സ്‌കൂളിന്റെയും ജെ.എൽ. ഗ്രൂപ്പുകളുടേയും സഹകരണത്തോടെ രണ്ടരയേക്കറിൽ നടത്തിയ പുഷ്പകൃഷിയിൽ 100 കിലോയോളം ബന്ദിപൂക്കൾ വിളവെടുത്തു. മരങ്ങാട്ടുപിള്ളിയിൽ ഗ്രാമപഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ‘ഞങ്ങളും കൃഷിയിലേക്ക്’പദ്ധതിയുടെ ഭാഗമായി ‘ഒരുമ പൂമണം’ എന്ന പേരിൽ 20 സെന്റ് സ്ഥലത്താണ് ജമന്തിപ്പൂ കൃഷി ചെയ്തത്. കർഷക കർമ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ വീടുകളിൽ രണ്ടായിരത്തോളം ജമന്തിത്തൈകളും വിതരണം ചെയ്തിരുന്നു. ഇവയും പൂവിട്ടുനിൽക്കുകയാണ്. 100 കിലോയോളം പൂക്കൾ ഇവിടെനിന്നു ലഭിക്കും. പഞ്ചായത്തിലാകെ 200 കിലോ പൂക്കൾ വിളവെടുക്കാനാവുമെന്നാണു പ്രതീക്ഷിക്കുന്നത്.

പാമ്പാടി ബ്ലോക്കിലെ മീനടം, പള്ളിക്കത്തോട് പഞ്ചായത്തുകളിലും 30 സെന്റ് വീതം വാഴൂർ ബ്ലോക്കിലെ 10 സെന്റ് സ്ഥലത്തും ഇക്കുറി പുഷ്പകൃഷിയുണ്ട്. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ 15 സെന്റ് സ്ഥലത്ത് 1000 ബന്ദി തൈകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്തിട്ടുണ്ട്.
മുൻ വർഷങ്ങളിൽ നാമമാത്ര സ്ഥലങ്ങളിൽ മാത്രമായിരുന്ന പുഷ്പകൃഷിയാണ് ജില്ലയിൽ വിവിധ ഗ്രാമപഞ്ചായത്തുകളിൽ വിജയകരമായി വിപുലീകരിച്ചത്. ഓണക്കാലത്ത് പൂക്കളമൊരുക്കാൻ ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ജില്ലയ്ക്കു സ്വന്തം നിലയിൽ ചെറിയ തോതിലെങ്കിലും പുഷ്പകൃഷി വിജയിപ്പിക്കാൻ സാധ്യമായതോടെ കൂടുതൽ ഗ്രാമപഞ്ചായത്തുകൾ കർഷകരുടേയും സ്വയം സഹായ സംഘങ്ങളുടേയും സഹകരണത്തോടെ വിപുലമായ പുഷ്പകൃഷിക്കുള്ള ഒരുക്കത്തിലാണ്.