തൊഴിൽ സൃഷ്ടിക്കുക എന്ന ബൃഹദ് ലക്ഷ്യത്തിനായി അന്തർ ദേശീയവും ദേശീയവും പ്രാദേശികവുമായ തൊഴിൽ സാധ്യതകളെ  ഉപയോഗിക്കുന്ന തരത്തിൽ തദ്ദേശ
സ്ഥാപന തലത്തിൽ തൊഴിൽ ആസൂത്രണം നടത്തുന്നതിനുള്ള സൂക്ഷ്മ തല ജനകീയ സംവിധാനമാണ് തൊഴിൽ സഭ. തൊഴിൽ തേടുന്നവർ, സ്വയം തൊഴിൽ സംരംഭകർ, തൊഴിൽദായക സംരംഭകർ, സംരംഭ പുനഃരുജ്ജീവനമാവശ്യമുള്ളവർ, സംരംഭകത്വ മികവ് വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ, നൈപുണ്യ വികസനം ആവശ്യമുള്ളവർ എന്നിവരെയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് തൊഴിൽ സഭകൾ ആരംഭിക്കുന്നത്. ഒരു സഭയിൽ 200-250 പേർ പങ്കെടുക്കുന്ന വിധത്തിൽ ഒന്നോ അതിലധികമോ വാർഡുകൾ ചേർത്താണ് തൊഴിൽ സഭകൾ സംഘടിപ്പിക്കുക. പങ്കാളികളുടെ എണ്ണം കുറവുള്ള വാർഡുകളെ കൂട്ടി യോജിപ്പിച്ചു കൊണ്ടും സംഘടിപ്പിക്കാം. കൂടുതൽ തൊഴിൽ അന്വേഷകരുള്ള വാർഡുകളിൽ ഒന്നിൽ കൂടുതൽ തൊഴിൽ സഭകൾ സംഘടിപ്പിക്കും.
അഞ്ചു വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യം. കെ-ഡിസ്‌ക്, കുടുംബ ശ്രീയുമായി ചേർന്ന് ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി നടത്തിയ സർവ്വേയിൽ സംസ്ഥാനത്തൊട്ടാകെ 53 ലക്ഷത്തോളം തൊഴിലന്വേഷകർ ഉണ്ടെന്ന് കണ്ടെത്തി. ഈ പട്ടികയിലെ 29 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 20 ലക്ഷത്തോളം പേരെ കെ-ഡിസ്‌ക് തയ്യാറാക്കിയ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലേക്ക് (D.W.M.S) രജിസ്റ്റർ ചെയ്യാനുള്ള നടപടികളും സ്വീകരിച്ചു. കൂടാതെ ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ നൽകുന്ന പ്രവർത്തനവും പ്രാദേശിക സാമ്പത്തിക വികസന പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടന്നുവരുന്നു.
 
വ്യത്യസ്ത വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങളെ തദ്ദേശ സ്ഥാപനതലത്തിൽ ഏകോപിച്ച് കൊണ്ട് സർക്കാർ സംവിധാനങ്ങളുടെയും സ്വകാര്യ മേഖലയുടെയും സഹായങ്ങൾ തൊഴിൽ അന്വേഷകരിലേക്ക് നേരിട്ടെത്തിക്കുക. എന്നതും തൊഴിൽ സഭയുടെ ലക്ഷ്യമാണ്. വിവിധ വികസന വകുപ്പ് ഉദ്യോഗസ്ഥർ, വ്യവസായ വകുപ്പ് ഇന്റേൺസ്, കുടുംബശ്രീ എം ഇ സി, കെ ഡിസ്‌ക് കമ്മ്യൂണിറ്റി അംബാസിഡർ, എസ്‌സി, എസ്ടി പ്രമോട്ടർമാർ, എ ഡി എസ് പ്രതിനിധികൾ, യൂത്ത് കോ ഓർഡിനേറ്റർ, പ്രേരക്മാർ, കില റിസോഴ്‌സ് പേഴ്‌സൺമാർ, വിവിധ വികസന വകുപ്പിലെ തദ്ദേശ സ്ഥാപനതല കോ ഓർഡിനേറ്റർമാർ തുടങ്ങിയവർ തൊഴിൽ സഭയുടെ ഭാഗമാകും.
ഓരോ തൊഴിൽ സഭയുടെയും പ്രവർത്തനം ഏകോപിച്ച് മുന്നോട്ട് കൊണ്ട് പോകുന്നതിന് ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ സർവ്വേയിൽ പങ്കെടുത്ത കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളെയോ, യുവജനക്ഷേമ ബോർഡ് നിർദേശിക്കുന്ന പ്രവർത്തകരെയോ പഞ്ചായത്ത് ഭരണ സമിതി അതത് തൊഴിൽ സഭ അധ്യക്ഷൻമാരുടെ നിർദേശം കൂടി പരിഗണിച്ച് തൊഴിൽ സഭ ലീഡ് ആയി തീരുമാനിക്കും. എല്ലാ തൊഴിൽ സഭ ലീഡിനേയും ഏകോപിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപന ഫെസിലിറ്റേഷൻ ടീമിൽ ഒരാളെ ഭരണസമിതി ചുമതലപ്പെടുത്തും.
 
പ്രത്യേകം പരിശീലനം കിട്ടിയ ഫെസിലിറ്റേഷൻ ടീം ആണ് തൊഴിൽ സംഘാടനത്തിന്റെ അക്കാദമിക് കാര്യങ്ങൾ നോക്കുക. ഈ ടീമിൽ യുവജന ബോർഡിന്റെ തദ്ദേശ സ്ഥാപന കോ ഓർഡിനേറ്റർ/പ്രതിനിധി, കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പിൽ ബിരുദാനന്തര ബിരുദ/ പ്രഫഷണൽ ബിരുദ യോഗ്യതയുള്ള രണ്ടു പേർ, എൻറെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺ, കുടുംബശ്രീ എംഇസി, വ്യവസായ വകുപ്പ് ഇൻറേൺ, കില തെരഞ്ഞെടുക്കുന്ന രണ്ട് ആർ പി മാർ, എന്നിവർ അംഗങ്ങളായിരിക്കണം. അസി. സെക്രട്ടറി/യു പി എ പ്രൊജക്ട് ഓഫീസർ, ഡെപ്യൂട്ടി സെക്രട്ടറിക്കാണ് തൊഴിൽ സഭ ഫെസിലിറ്റേഷൻ ടീമിൻറെ ഓദ്യോഗിക ചുമതല.
 
ഓരോ തൊഴിൽ സഭയിലും മൂന്ന്  ഗ്രൂപ്പ് ചർച്ചകളും ഒമ്പതോളം ഉപഗ്രൂപ്പ് ചർച്ചകളും നടക്കും. തൊഴിൽ സഭ ലീഡിന്റെ നേതൃത്വത്തിലുള്ള ഫെസിലിറ്റേഷൻ ടീം ആണ് ഇവക്ക് നേതൃത്വം നൽകുക.
വിവാഹത്തെ തുടർന്ന് തൊഴിൽ തുടർച്ച ഇല്ലാതെ പോയവർ, വിധവകൾ, പിരിഞ്ഞ് താമസിക്കുന്നവർ തുടങ്ങി സ്ത്രീ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുംപെട്ട തൊഴിലന്വേഷകരുടെ പ്രശ്‌നങ്ങൾ തൊഴിൽ സഭകളിൽ പ്രത്യേകമായി ചർച്ച ചെയ്യും. കൂടാതെ പട്ടികജാതി, പട്ടിക വിഭാഗത്തിൽ പെട്ടവർ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, ട്രാൻസ് ജെൻഡേഴ്‌സ്, ഭിന്നശേഷി വിഭാഗക്കാർ തുടങ്ങി പിന്നാക്കാവസ്ഥ നേരിടുന്ന എല്ലാ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങൾ തൊഴിൽ സഭകളിൽ ചർച്ച ചെയ്യും.
വലിയ ലക്ഷ്യങ്ങളാണ് തൊഴിൽ സഭയ്ക്കുള്ളത്. ഓരോ പ്രദേശത്തുമുള്ള തൊഴിലന്വേഷകരെ അതാത് പ്രദേശങ്ങളിൽ തന്നെയുള്ളതും, കേരളത്തിനകത്തും പുറത്തുമുള്ള തൊഴിൽദാതാക്കളുമായി ബന്ധപ്പെടുത്തുന്നതിന് അവസരമുണ്ടാക്കും. വികസന വകുപ്പുകളും മറ്റു സർക്കാർ ഏജൻസികളും വാഗ്ദാനം ചെയ്യുന്ന തൊഴിൽ അവസരങ്ങളും സഹായങ്ങളും തദ്ദേശ സ്വയംഭരണ സംവിധാനത്തിലൂടെ നേരിട്ട് തൊഴിലന്വേഷകരെ  പരിചയപ്പെടുത്തും.
തൊഴിൽ അന്വേഷകരുടെ കാര്യശേഷി വികസിപ്പിക്കുന്നതിന് സർക്കാർ പരിശീലന ഏജൻസികളെ പ്രാദേശികമായി ഉപയോഗപ്പെടുത്താൻ തദ്ദേശ സ്വയംഭരണ തലത്തിൽ കൂട്ടായ്മകൾ രൂപീകരിക്കും. സംരംഭക കൂട്ടായ്മകളെ പരിപോഷിപ്പിക്കുന്നതിന് വിവിധ വകുപ്പുകളും ഏജൻസികളും നടത്തുന്ന പരിപാടികൾ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുഖേന സംഘടിപ്പിക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടാക്കും. സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പദ്ധതികളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക സാമ്പത്തിക വികസന പദ്ധതികൾ സംയോജിപ്പിക്കുന്നതിനുള്ള സാധ്യതകൾ തേടും. ഇങ്ങനെ ജനകീയമായി തൊഴിൽ സംരംഭകത്വ രംഗത്ത് പുതിയ മാറ്റം സൃഷ്ടിക്കാനുള്ള തുടക്കമാവുകയാണ് തൊഴിൽ സഭകൾ.