നേരില്‍ കാണാത്ത, തമ്മില്‍ പരിചയമില്ലാത്ത ആയിരക്കണക്കിനാളുകളുടെ കണ്ണിലെ വെളിച്ചമാകാനായതിന്റെ സന്തോഷത്തിലാണ് സി വി പൗലോസ്.
ഈ വര്‍ഷത്തെ വയോജന ദിനാഘോഷത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദരവും പൗലോസിന് സ്വന്തം. നിരവധി പേര്‍ക്ക് കാഴ്ച ശക്തി കിട്ടാന്‍ നേത്രദാന രംഗത്ത് സജീവ പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് 82കാരനായ താഴെക്കാട് സ്വദേശി ചിരിയത്ത് വീട്ടില്‍ പൗലോസിന് അംഗീകാരം ലഭിച്ചത്. മികച്ച സാമൂഹ്യസേവനത്തിനുള്ള സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനാകുമ്പോള്‍ തൃശൂരിനും അഭിമാനനേട്ടം.

കഴിഞ്ഞ 44 വര്‍ഷമായി നേത്രദാനരംഗത്ത് പ്രവര്‍ത്തിക്കുന്ന പൗലോസിലൂടെ ജീവിതത്തിന്റെ നിറം തിരിച്ചുപിടിച്ചത് 1200 ഓളം പേരാണ്. 1960ല്‍ വിന്‍സെന്റ് ഡി പോള്‍ എന്ന സംഘടന നടത്തിയ നേത്ര ചികിത്സ ക്യാമ്പില്‍ സംഘാംഗമായിരുന്ന പൗലോസ് പ്രചോദനമുള്‍ക്കൊണ്ടാണ് നേത്രദാന രംഗത്തെ സജീവ പ്രവര്‍ത്തകനാകുന്നത്. പ്രദേശത്തോ പരിചയക്കാരുടെയോ വീട്ടില്‍ മരണമുണ്ടായാല്‍ അവിടെയെത്തും. ബന്ധുക്കളെ ഉള്‍പ്പെടെ നേത്രദാനത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തും. കണ്ണുകള്‍ ദാനം ചെയ്യാന്‍ സമ്മതമറിയിച്ചാല്‍ നേത്രബാങ്കുമായി ബന്ധപ്പെടും. ആ കണ്ണുകള്‍ മറ്റൊരാള്‍ക്ക് കാഴ്ചയാകുന്നത് വരെ പൗലോസ് കൂടെയുണ്ടാകും.

മൂന്ന് വര്‍ഷം മുന്‍പ് മരണപ്പെട്ട ഭാര്യ റോസിയുടെ കണ്ണുകളും ദാനം ചെയ്തിരുന്നു. ഒരു വ്യക്തിയുടെ നേത്രദാനം രണ്ട് പേര്‍ക്ക് കാഴ്ച ലഭിക്കാന്‍ പര്യാപ്തമാണ്. തന്റെ സേവനത്തിലൂടെ നിരവധി പേര്‍ക്ക് വെളിച്ചം പകരാനായത് സന്തോഷിപ്പിക്കുന്നതായി പൗലോസ് പറയുന്നു.

കര്‍ഷകനായ പൗലോസ് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തനത്തിലും സജീവമാണ്. ഏഴ് മക്കളുണ്ട്. നേത്രദാന രംഗത്തെ സജീവ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.