ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന് മാറ്റുകൂട്ടി വര്‍ണാഭമായ ഘോഷയാത്ര. അണക്കര സെന്റ് തോമസ് പാരിഷ് ഹാളിന് മുന്നിൽ നിന്നും ആരംഭിച്ച ഘോഷയാത്ര എസ് എൻ ഡി പി ഹാളിൽ സമാപിച്ചു.

മുത്തുക്കുടകളുടെയും താളവാദ്യ ഘോഷങ്ങളുടെയും അകമ്പടിയില്‍ നടന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, ഐ സി ഡി എസ്, കുടുംബശ്രീ പ്രവർത്തകർ, ചുമട്ടുതൊഴിലാളി യൂണിയൻ അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങി നൂറുകണക്കിന് ആളുകൾ അണിനിരന്നു.

ലഹരിക്കെതിരെ ‘ഐ ലവ് ഫുട്ബോൾ ഐ ഹേറ്റ് ഡ്രഗ്സ്’ മുദ്രാവാക്യം മുഴക്കി റാലിയിൽ അണിനിരന്ന അണക്കര ഗവ ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി കുട്ടികൾ ഒന്നാം സ്ഥാനവും കട്ടപ്പന സെന്റ് ജോൺസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ രണ്ടാം സ്ഥാനവും പുളിയന്മല ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യഥാക്രമം 5000, 3000, 2000 രൂപ വീതം ക്യാഷ് പ്രൈസ് ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനിച്ചു.