കുന്നംകുളം വെട്ടിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള പമ്പിംഗ് ജനുവരി 15 ന് ആരംഭിക്കും. വെട്ടിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പമ്പിംഗ് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് എസി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തിരുത്തിക്കാട്, കക്കാട് പാടശേഖരങ്ങളിലെ കൊയ്ത്ത് ജനുവരി 14ന് മുമ്പായി തീർക്കാൻ പാടശേഖര സമിതിയോട് ആവശ്യപ്പെടാനും എംഎൽഎ നിർദ്ദേശം നൽകി.

കാട്ടകാമ്പാല്‍ – പോര്‍ക്കുളം പഞ്ചായത്ത് അതിര്‍ത്തിയിലെ ആനക്കുണ്ട് നവീകരണവുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ സാന്നിധ്യത്തിൽ അടിയന്തിര യോഗം ചേരാൻ പോർക്കുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ രാമകൃഷ്ണനെ ചുമതലപ്പെടുത്തി.

പറക്കുഴി ആവശ്യമായി വരുന്ന മുതുവമ്മൽ പാടശേഖരത്തിൽ സ്ഥലം പരിശോധിച്ച് ആവശ്യമായ പരിഹാരം കാണാൻ കെഎൽഡിസി എഞ്ചിനീയർക്ക് എംഎൽഎ നിർദ്ദേശം നൽകി. കോൾപടവ് വികസനത്തിൽ കെഎല്‍ഡിസി, ഇറിഗേഷന്‍, കൃഷി വകുപ്പുകളുടെ സമയബന്ധിതവും സംയോജിതവുമായ ഇടപെടല്‍ വേണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

കക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ കുന്നംകുളം നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. കെ രാമകൃഷ്ണൻ, ഇ എസ് രേഷ്മ, കാട്ടകാമ്പാൽ, പോർക്കുളം, കുന്നംകുളം മേഖലയിലെ കോള്‍പടവ് സംഘം പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.