സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെയുള്ള രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ലഹരിയില്ലാ തെരുവിന് തുടക്കം. തേക്കിൻകാട് തെക്കേഗോപുരനട പരിസരത്ത് പത്ത് വേദികളിലായി നടന്ന വിദ്യാർത്ഥികളുടെ കലാ കായിക അഭ്യാസ പ്രകടനങ്ങൾ ലഹരിക്കെതിരെയുള്ള പ്രതിരോധം ഉയർത്തി. മേയർ എം കെ വർഗ്ഗീസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഫ്ലാഷ് മോബ്, തെരുവ് നാടകം, ഗാനമേള, വാദ്യോപകരണങ്ങൾ, പെയിന്റിംഗ്, മാജിക് ഷോ, മോണോ ആക്ട്, ഡാൻസ്, ഗ്രൂപ്പ് സോംഗ്, ഓട്ടൻതുള്ളൽ തുടങ്ങി ‌ വിവിധ കലാപരിപാടികളും ബാഡ്മിന്റൺ, കളരി, കരാട്ടെ , തൈകൊണ്ടേ , ബാസ്കറ്റ് ബോൾ ,വോളി ബോൾ തുടങ്ങി മറ്റ് ആയോധന കലകളുടെ പ്രദർശനവും നടന്നു. വിവിധ പ്ലോട്ടുകളിലായി ലഹരിക്കെതിരെ സന്ദേശം ഉൾക്കൊള്ളുന്ന കലാകായിക പരിപാടികളും സംഘടിപ്പിച്ചു.

എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, ആരോഗ്യം, പൊലീസ് , ഫയർ ആന്റ് റെസ്ക്യൂ, പി.ആർ.ഡി ,സ്പോർട്സ് കൗൺസിൽ, എൻ.എസ്.എസ്, എസ്.പി.സി ,എൻ.സി.സി, സ്കൗട്ട് ആന്റ് ഗൈഡ്സ് , ജൂനിയർ റെഡ് ക്രോസ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

വാർഡ് കൗൺസിലർ പൂർണിമ സുരേഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എം എച്ച് ഡെസ്നി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. വിമുക്തി ഹെൽപ്പ് ലൈൻ നമ്പർ അടങ്ങിയ കാർഡ് റിജു ആന്റ് പിഎസ്കെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി അനിൽകുമാർ മേയർക്ക് കൈമാറി പ്രകാശനം ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ ബാബു വർഗീസ് , അസി. എക്സൈസ് കമ്മീഷ്ണർ എ സി സുരേഷ്, കൊച്ചിൻ ദേവസ്വം ബോർഡ് മാനേജർ കൃഷ്ണകുമാർ ,എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ ,വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.