എസ് സി, എസ് ടി വകുപ്പ് പദ്ധതികളുടെ ജില്ലാതല അവലോകന യോഗം പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്നു. പട്ടികജാതി വിഭാഗങ്ങൾക്കായി 22-23 സാമ്പത്തിക വർഷം വിവിധ പദ്ധതികൾക്കായി 91.87 ശതമാനത്തോളം വരുന്ന 59.01 കോടി രൂപ ചെലവഴിച്ചതായി യോഗം അറിയിച്ചു. പട്ടികവർഗ വിഭാഗത്തിൽ 68 ശതമാനം തുകയും വിനിയോഗിച്ചു. വിവിധ ബ്ലോക്കുകളിലെ അംബേദ്കർ ഗ്രാമവികസനം, വാർഷിക പദ്ധതി അവലോകനം, കോർപ്പസ് ഫണ്ട്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, എം ആർ എസുകളുടെ പ്രവർത്തനം, ഐ ടി ഐ പ്രവർത്തനം തുടങ്ങിയവ യോഗം വിശദമായി ചർച്ച ചെയ്തു.

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ പുരോഗതി സംബന്ധിച്ച് പഞ്ചായത്ത് തലത്തിൽ കൃത്യമായ റിപ്പോർട്ട് ഫെബ്രുവരി 28നകം നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന എസ് സി പ്രെമോട്ടേഴ്സ്, സോഷ്യൽ വർക്കേഴ്സ് എന്നിവരെ പ്രയോജനപെടുത്തി പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന്റെ നിലവിലുള്ള ആവശ്യങ്ങൾ ഉൾപ്പെടുത്തി ഡാറ്റ ശേഖരിക്കണം. വകുപ്പ് ചെലവഴിക്കുന്ന തുക ഈ വിഭാഗത്തിൽ കൃത്യമായി എത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും മന്ത്രി അറിയിച്ചു. അക്രഡിറ്റഡ് ഏജൻസികൾ കാര്യക്ഷമമായി പദ്ധതി തുക ചെലവഴിക്കണം.

പ്രമോട്ടർമാരുടെ പ്രവർത്തനങ്ങൾ പഞ്ചായത്തടിസ്ഥാനത്തിൽ പരിശോധിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. അർഹതയുണ്ടായിട്ടും ലൈഫ് പദ്ധതിയിൽ ഉൾപ്പെടാതെ പോയ എസ് സി കുടുംബങ്ങളെ കണ്ടെത്തി പ്രയോജനം ലഭ്യമാക്കണം. ഓരോ സാമ്പത്തിക വർഷത്തെ ഫണ്ട് മുഴുവൻ അതാത് വർഷം ചെലവഴിക്കണം. വിവിധ പദ്ധതികളിലൂടെ പട്ടികജാതി – വർഗ്ഗ വിഭാഗങ്ങളെ സ്വയം പര്യാപ്തരാക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. അതിന് വിവിധ ഡിപ്പാർട്ട്മെൻ്റുകളുമായി സംയോജിച്ച് പദ്ധതികൾ നടപ്പാക്കണം. മണ്ഡലാടിസ്ഥാനത്തിൽ കൃത്യമായി അവലോകനം നടത്തണം.

എസ് സി കോളനി പട്ടയങ്ങൾ നൽകുന്നതിനായി കൃത്യമായ റിപ്പോർട്ട് ഫെബ്രുവരി 28നകം തയ്യാറാക്കി നൽകാൻ കലക്ടർ എസ് സി ഡവലപ്മെന്റ് ഓഫീസറെ ചുമതലപ്പെടുത്തി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കലക്ടർ ഹരിത വി കുമാർ, ജില്ലാ വികസന കമ്മീഷ്ണർ ശിഖ സുരേന്ദ്രൻ, ജില്ലാ എസ് സി ഡവലപ്മെന്റ് ഓഫീസർ ലിസ ജെ മങ്ങാട്ട്, എസ് സി – എസ് ടി ചീഫ് പ്ലാനിങ്ങ് ഓഫീസർ രാജേന്ദ്രൻ, ട്രൈബൽ ഡെവലപ്മന്റ് ഓഫീസർ എം ഷാമിന, എസ് സി ഡിഡി ജോ. ഡയറക്ടർ ജോസഫ് ജോൺ, ടിആർഡിഎം ഡിഡി ഷമിൻ എസ് ബാബു, ജില്ലാ പ്ലാനിങ്ങ് ഓഫീസർ എൻ കെ ശ്രീലത, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.