തിരുവനന്തപുരം നഗരത്തില്‍ 11,764 നിരക്ഷരര്‍
സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി തിരുവനന്തപുരം നഗരസഭായില്‍ നടത്തിയ ‘അക്ഷരശ്രീ’ സര്‍വേ റിപ്പോര്‍ട്ടിന്റെ പ്രകാശനം മന്ത്രിമാരായ പ്രൊഫ.സി.രവീന്ദ്രനാഥ്, എ.സി.മൊയ്തീന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സാക്ഷരതാമിഷന്‍ നഗരസഭയുമായി സഹകരിച്ച് ‘അക്ഷരശ്രീ’ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിന് മുന്നോടിയായാണ് മാതൃകാ പദ്ധതിയായി തിരുവനന്തപുരം നഗരസഭയില്‍ ആരംഭിച്ചത്.
സര്‍വേഫലം പുറത്തുവന്നപ്പോള്‍ നഗരത്തിലെ നിരക്ഷരരുടെ എണ്ണം 11,764. നിരക്ഷരരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 7256 പേര്. നിരക്ഷരരില്‍ 1175 പേര് പട്ടികജാതി വിഭാഗത്തിലുള്ളവരാണ്. 147 പേര് പട്ടികവര്‍ഗവിഭാഗവും. ബീമാപ്പള്ളി വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ നിരക്ഷരരെ കണ്ടെത്തിയത്. 755 പേര്. ഇതില്‍ 426 പേര് സ്ത്രീകളും 339 പേര് പുരുഷന്മാരുമാണ്. തീരദേശ വാര്‍ഡുകളിലാണ് നിരക്ഷരത ഏറ്റവും കൂടുതല്‍. തീരദേശ വാര്‍ഡുകളായ കോട്ടപ്പുറം- 696, മാണിക്യവിളാകം- 666, ഹാര്‍ബര്‍- 517, വലിയതുറ – 488, വെള്ളാര്‍- 440, പൂന്തുറ- 315, വെട്ടുകാട്- 303 എന്നിങ്ങനെയാണ് നിരക്ഷരരുടെ എണ്ണം. ഏറ്റവും കുറവ് നിരക്ഷരരെ കണ്ടെത്തിയത് കുറവന്‍കോണം, നന്തന്‍കോട് വാര്‍ഡുകളിലാണ്. അഞ്ചുവീതം.
നവസാക്ഷരര് മുതല്‍ നാലാംതരം വിജയിക്കാത്ത 12,979 പേരെ സര്‍വേയില്‍ കണ്ടെത്തി. ഇതില്‍ ഒരാള്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗമാണ്. നാലാംതരം വിജയിച്ചവരും ഏഴാംതരം വിജയിക്കാത്തവരുമായ 22,999 പേരെയും ഏഴാംതരം വിജയിക്കുകയും പത്താംതരം വിജയിക്കാത്തവരുമായ 45208 പേരെയും സര്‍വേയില്‍ കണ്ടെത്തി. പത്താംതരം വിജയിക്കുകയും ഹയര്‍ സെക്കന്‍ഡറി പാസാകാത്തവരുമായി കണ്ടെത്തിയത് 39,479 പേരാണ്. പത്താംതരം വിജയിക്കാത്തവരില്‍ മൂന്നുപേര്‍ ട്രാന്സ്ജെന്ഡറുകളാണ്. നാലാംതരം – 1, ഹയര്‍സെക്കന്‍ഡറി- 1 എന്നിങ്ങനെയാണ് ഈ വിഭാഗത്തില്‍ നിന്നുള്ളവരുടെ എണ്ണം.
നിരക്ഷരര്‍, നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി തലങ്ങള്‍ വിജയിക്കാത്തവര്‍ എന്നിങ്ങനെ തിരിച്ചായിരുന്നു സര്‍വേ. നഗരത്തിലെ 100 വാര്‍ഡുകളിലായി മൊത്തം 2,23818 വീടുകളിലായിരുന്നു സര്‍വേ.
നഗരപരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, സാക്ഷരതാമിഷന്റെ തുല്യതാ പഠിതാക്കള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് തുടര്‍വിദ്യാഭ്യാസ പദ്ധതിയിലെ പഠിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൊത്തം 14,318 പേര് സര്‍വേ വോളന്റിയര്‍മാരായി. സഹായിക്കാനായി ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, വായനശാലാ പ്രവര്‍ത്തകര്‍, റസി.അസോസിയേഷന് ഭാരവാഹികള്‍ എന്നിങ്ങനെ സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ കൈകോര്‍ത്തു. നഗരത്തിലെ വീടുകളെ 50 വീതം വരുന്ന ക്ലസ്റ്ററുകളാക്കി തിരിച്ചായിരുന്നു സര്‍വേ.
സര്‍വേയില്‍ കണ്ടെത്തുന്ന നിരക്ഷരര്‍ക്കുള്ള ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. ഒരു വാര്‍ഡില്‍ 25 പേര് എന്ന കണക്കിന് നഗരസഭയിലാകെ 2500 പേര്‍ക്കാണ് ക്ലാസ്. മൂന്നു മാസത്തെ സാക്ഷരതാക്ലാസിനുശേഷം പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് നാലാംതരം തുല്യതാ കോഴ്സില്‍ ചേരാം. ആറുമാസമാണ് കോഴ്സിന്റെ കാലാവധി. തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി തുല്യത വരെ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.