സംസ്ഥാന സർക്കാറിന്റെ മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ആയഞ്ചേരിയിൽ ആരോഗ്യ-ശുചിത്വ രംഗത്ത് കർമ്മപദ്ധതി ആവിഷ്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും മെഡിക്കൽ ഓഫീസർ കൺവീനറുമായ ആരോഗ്യ ജാഗ്രത സമിതി രൂപീകരിച്ചു. ഓരോ വാർഡിലും മെമ്പർമാർ ചെയർമാനും ജെ.പി.എച്ച്.എൻ കൺവീനറുമായ വാർഡ് തല ആരോഗ്യ ശുചിത്വ പോഷണ സമിതി രൂപീകരിക്കും. ഇതിനായി ശുചിത്വ സ്ക്വാഡ് രൂപീകരിച്ച് ക്ലസ്റ്റർ തിരിച്ച് പ്രവർത്തനം സംഘടിപ്പിക്കും.

വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും ഉറപ്പുവരുത്തുന്നതിന് ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാനും അജൈവമാലിന്യങ്ങൾ വാതിൽ പടി സേവനത്തിലൂടെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൈമാറാനും ആരോഗ്യ ജാഗ്രത സമിതിക്ക് നിർദേശം നൽകി. വീട്ടിലോ പൊതുസ്ഥലത്തോ കെട്ടിക്കിടക്കുന്ന മാലിന്യ കൂമ്പാരങ്ങൾ നിർമ്മാർജ്ജനം ചെയ്യാനും ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്താനും വിശകലനം ചെയ്യാനും സമിതിയെ നിയോഗിച്ചു. എല്ലാ വെള്ളിയാഴ്ചയും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഡ്രൈഡേ ആചരിക്കാനും തീരുമാനിച്ചു.

രൂപീകരണ യോഗം പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ, സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് വെള്ളിലാട്ട്, പി.എം.ലതിക, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ പി.സജീവൻ, ശുചിത്വ മിഷൻ കോഡിനേറ്റർ രുദ്ര, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ടി.പി. ദാമോദരൻ, വി. ബാലൻ, എ. സുരേന്ദ്രൻ, ടി. സജിത്ത്, അസി. സെക്രട്ടറി പി.ടി.സുജിത്ത് എന്നിവർ സംസാരിച്ചു.

യോഗത്തിൽ ജനപ്രതിനിധികൾ, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, അങ്കണവാടി വർക്കർമാർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.