സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ അധ്യക്ഷതയിൽ നടക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്തിന്റെ കോഴിക്കോട് ജില്ലയിലെ പ്രവർത്തനങ്ങളുടെ അവലോകന യോ​ഗം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. യോഗത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.

അദാലത്തിൽ മുഴുവൻ വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഓരോ താലൂക്ക് ഓഫീസുകളിലും അദാലത്ത് കൗണ്ടറുകൾ പ്രവർത്തിച്ച് ജനങ്ങളുടെ പരാതികൾ സ്വീകരിച്ച് അതത് വകുപ്പുകളിലേക്ക് കൈമാറണം. അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലെ കൗണ്ടറുകൾ വഴിയും ലഭിക്കുന്ന അപേക്ഷകളിൽ തീർപ്പാക്കാൻ സാധിക്കുന്നത് സംബന്ധിച്ച് അപേക്ഷരെ വിവരമറിയിക്കണം. തീർപ്പ് കൽപ്പിക്കാൻ സാധിക്കാത്ത അപേക്ഷകളെ സംബന്ധിച്ച് അപേക്ഷകനെ ബോധ്യപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.

അദാലത്തുമായി ബന്ധപ്പെട്ട് ജില്ലാ അദാലത്ത് സെൽ പ്രവർത്തനം ഊർജിതമാക്കാൻ മന്ത്രി നിർദേശിച്ചു. അദാലത്തുകളിലേക്ക് ലഭിക്കുന്ന അപേക്ഷകൾ സംബന്ധിച്ച് ഓരോ വകുപ്പുകളും പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കണം. ജില്ലയുടെ ​ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പടെ അദാലത്തിന്റെ പ്രചാരണം നടത്തണം.

ജില്ലയിൽ താലൂക്ക്തല അദാലത്തുകൾ മെയ് രണ്ടിന് ആരംഭിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് താലൂക്ക് തല അദാലത്തുകൾ നടക്കുക. മെയ് രണ്ടിന് കോഴിക്കോട്, നാലിന് വടകര, ആറിന് കൊയിലാണ്ടി, എട്ടിന് താമരശ്ശേരി എന്നിങ്ങനെയാണ് പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിക്കുന്നത്.

അവലോകന യോ​ഗത്തിൽ ജില്ലാ കലക്ടർ എ ​ഗീത, ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടി, സബ് കലക്ടർ വി ചെൽസാസിനി, എ ഡി എം മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടർമാർ, വിവിധ വകുപ്പ് മേധാവികൾ, റവന്യു ഓഫീസർമാർ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.