ഏപ്രിൽ 15 വരെ പരാതികൾ പൂർണമായും സൗജന്യമായി സമർപ്പിക്കാം

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരിൽ നടത്തുന്ന താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഏപ്രിൽ 30ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലാണ് പരിപാടി. അദാലത്തിൽ പൊതുജനങ്ങൾക്ക് ഏപ്രിൽ 15 വരെ പരാതികൾ സമർപ്പിക്കാം.

മെയ് രണ്ട് മുതലാണ് ജില്ലയിൽ താലൂക്ക്തല പരാതി പരിഹാര അദാലത്ത് നടക്കുക. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ താലൂക്ക്തല അദാലത്തുകൾ നടക്കുന്നത്.

പരാതികൾ നേരിട്ട് താലൂക്ക് അദാലത്ത് സെല്ലുകൾ വഴിയും www.karuthal.kerala.gov.in എന്ന പോർട്ടൽ മുഖാന്തിരവും സമർപ്പിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് പൂർണമായും സൗജന്യമാണ്. പൊതുജനങ്ങളിൽനിന്നു പരാതികൾ നേരിട്ടു സ്വീകരിക്കുന്നതിനായി താലൂക്ക് തലത്തിൽ താലൂക്ക് അദാലത്ത് സെല്ലും ലഭിക്കുന്ന പരാതികൾ പരിശോധിക്കുന്നതിനായി വകുപ്പുതലത്തിൽ ജില്ലാ അദാലത്ത് സെല്ലും പരാതിയിന്മേലുള്ള നടപടി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ തല അദാലത്ത് മോണിറ്ററിംഗ് സെല്ലുകളും പ്രവർത്തിക്കും.

ഭൂമി സംബന്ധമായ വിഷയങ്ങൾ (അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം), സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം നിരസിക്കൽ, തണ്ണീർത്തട സംരക്ഷണം, ക്ഷേമ പദ്ധതികൾ ( വിവാഹ/പഠന ധനസഹായം ക്ഷേമ പെൻഷൻ മുതലായവ), പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷ പെൻഷൻ കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌ക്കരണം, തെരുവ് നായ സംരക്ഷണം/ശല്യം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, തെരുവുവിളക്കുകൾ, അതിർത്തി തർക്കങ്ങളും, വഴിതടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ് (എപിഎൽ/ബിപിഎൽ)ചികിത്സാ ആവശ്യങ്ങൾക്ക്, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും നിവേദനങ്ങളും അദാലത്തിൽ നൽകാം.

വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങൾ, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക, ബുദ്ധി, മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും അദാലത്തിൽ പരിഗണിക്കും.