ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കിഫ്‌ബി ഫണ്ടിൽ നിന്നും ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് ഒരു കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിനും ഭൂമിശാസ്ത്ര വിഷയങ്ങളോടുള്ള അഭിരുചി വർദ്ധിക്കുന്നതിനും സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനും ഈ പദ്ധതി ഏറെ ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തിക്കുന്ന വിദ്യാലയങ്ങളുടെ സമീപത്തുണ്ടാകുന്ന പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് ഗവേഷണ പരിശീലനത്തിലും കാർഷിക വ്യാവസായിക മേഖലയിലെ പ്രവർത്തനങ്ങൾക്കും ഉതകുന്നതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാറിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും അഭിമുഖ്യത്തിൽ പിടിഎയുടെ നേതൃത്വത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിച്ചത്. ഹയർസെക്കൻഡറി ഹ്യൂമാനിറ്റീസ് ഗ്രൂപ്പിൽ ജോഗ്രഫി ഓപ്ഷണലായ സർക്കാർ സ്കൂളുകളിലാണ് കാലാവസ്ഥ കേന്ദ്രം തുടങ്ങുന്നത്. വിദ്യാർത്ഥികൾക്ക് പ്രാദേശിക കാലാവസ്ഥ മാറ്റം നിർണയിക്കാൻ കഴിയുന്ന തരത്തിലാണ് കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി കാണാനും രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നൊരുക്കം നടത്താനും ഈ കേന്ദ്രം സഹായകമാവും. വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ കാലാവസ്ഥാമാറ്റം നിരീക്ഷിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിന് മതിയായ പരിശീലനവും നൽകും.

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ്‌ ഷിബു ചന്ദ്രോദയം അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ എ കെ അബ്ദുൽ ഹക്കീം പദ്ധതി വിശദീകരണം നടത്തി. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ജഗൽകുമാർ വി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പരിചയപ്പെടുത്തി. കൗൺസിലർ എസ്.കെ അബൂബക്കർ, പ്രിൻസിപ്പൽ ജയശ്രീ കെ പി, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ മനോജ്‌ പി, ഹയർസെക്കൻഡറി സ്കൂൾ സ്റ്റാഫ് സെക്രട്ടറി അബ്‌ദിജൻ ടി ആർ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി സുജ എംവി, അധ്യാപിക ശ്രീബാല, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി സന്നാഫ് പാലക്കണ്ടി, പിടിഎ വൈസ് പ്രസിഡന്റ് ഷർജ ടി എന്നിവർ സംസാരിച്ചു.