മാലിന്യ സംസ്‌കരണം: ജില്ലാതല കോര്‍ കമ്മിറ്റി യോഗം

ജില്ലയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്ന പൊതു ഇടങ്ങള്‍ കണ്ടെത്തി ശുചീകരിച്ച് പിന്നീട് മാലിന്യങ്ങള്‍ തള്ളാന്‍ അനുവദിക്കാത്ത രീതിയിലുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാതല കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വാര്‍ഡ് തല സാനിറ്റൈസേഷന്‍ സമിതി, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന എന്നിവരുടെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ തള്ളുന്ന പൊതു ഇടങ്ങള്‍ കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാനും ശുചീകരിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങള്‍ ഡിജിറ്റല്‍ ഡോക്കുമെന്റായി സൂക്ഷിക്കാനുമാണ് തിരുമാനം.

ജില്ലയിലെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ മാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. തൊഴില്‍ വകുപ്പും ഹരിത കേരള മിഷനും സംയുക്തമായി ചേര്‍ന്ന് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കും. കൊച്ചി കോര്‍പ്പറേഷനില്‍ ഹെല്‍ത്ത് സ്‌ക്വാഡും പോലീസും സംയുക്തമായി പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കേടുപാടുകള്‍ സംഭവിച്ച ഫര്‍ണിച്ചറുകളും ഇ-വേസ്റ്റുകളും സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.

മാലിന്യ സംസ്‌കരണം പ്രാദേശിക തലത്തില്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ഡ് തല മീറ്റിങ്ങുകള്‍ ചേര്‍ന്ന് ക്ലസ്റ്ററുകള്‍ രൂപീകരിച്ചു കഴിഞ്ഞു. ഹരിത കര്‍മ്മ സേനാംഗങ്ങളുടെ കുറവുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുടുംബശ്രീയില്‍ നിന്ന് അംഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമായി നടക്കുന്നുണ്ട്.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ പിഴ ഈടാക്കി വരുന്നുണ്ട്. മാലിന്യം വലിച്ചെറിയുന്നത് തടയാനായി ജില്ലയില്‍ പോലീസിന്റെ നൈറ്റ് പട്രോളിംഗ് ശക്തമായി നടക്കുന്നു.

കൊച്ചി കോര്‍പ്പറേഷനില്‍ മാലിന്യം നീക്കം ചെയ്ത പൊതു ഇടങ്ങളില്‍ വീണ്ടും മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ രാത്രിയും പകലും വോളണ്ടിയേഴ്സിന് നിയമിച്ചിട്ടുണ്ട്. നാല് ആര്‍. ആര്‍. എഫുകള്‍ (റീജിയണല്‍ റെസിഡുവല്‍സ് ഫെസിലിറ്റി )ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ ആര്‍. ആര്‍. എഫുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ മാലിന്യ ശേഖരണം കൃത്യമായ രീതിയില്‍ ആണ് നടക്കുന്നത്. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ അറിയിക്കാന്‍ കഴിയുന്ന രീതിയില്‍ ‘മൈ കൊച്ചി’ എന്ന പേരിലുള്ള ആപ്പ് കൊച്ചി കോര്‍പ്പറേഷന്‍ പുറത്തിറക്കും. ഇതിന്റെ ട്രയല്‍ റണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആപ്പിലൂടെ മാലിന്യം നിറഞ്ഞ പൊതു ഇടങ്ങളുടെ ചിത്രം അപ്ലോഡ് ചെയ്യാന്‍ സാധിക്കും. ജിപിഎസ് ലൊക്കേഷന്‍ വഴി തിരിച്ചറിഞ്ഞ് ഇത്തരം സ്ഥലങ്ങള്‍ ശുചീകരിക്കാന്‍ സാധിക്കും.

യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. എം ഷഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.