സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും കൊയിലാണ്ടി താലൂക്ക് അദാലത്തിൽ മന്ത്രിമാർ പരാതികൾക്ക് പരിഹാരവുമായെത്തി. 450 പരാതികൾക്ക് പരിഹാരമായി. അദാലത്തിൽ പരിഗണിക്കാൻ നേരത്തെ ലഭിച്ച 1118 പരാതികൾക്ക് പുറമെ മുന്നൂറ്റി അൻപതോളം പുതിയ പരാതികളും ലഭിച്ചു. പരിഗണിച്ച പരാതികളിൽ 564 എണ്ണം തുടർനടപടികൾക്കായി വിവിധ വകുപ്പുകളിലേക്ക് അയച്ചു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗൺ ഹാളിലാണ് അദാലത്ത് നടന്നത്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച അദാലത്തിൽ വേഗത്തിൽ തീരുമാനം കാണേണ്ട പരാതികൾ നടപടി എടുക്കുന്നതിനായി അപ്പോൾ തന്നെ ഉദ്യോഗസ്ഥർക്ക് കൈമാറി.

എം.എൽ.എമാരായ കാനത്തിൽ ജമീല, കെ.എം. സച്ചിൻദേവ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, ജില്ലാ കലക്ടർ എ ഗീത, എ.ഡി.എം സി മുഹമ്മദ്‌ റഫീഖ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വടകര താലൂക്ക് അദാലത്ത് മെയ് എട്ടിന് വടകര ടൗൺഹാളിൽ നടക്കും.