മുമ്പ് തീരുമാനമെടുത്തത് കർശനമായി നടപ്പിലാക്കാൻ നിർദേശം

വാർഡുകളിൽ കൂട്ടിരിപ്പുകാർ ഒരാളും അത്യാഹിത വിഭാഗത്തിൽ രണ്ടുപേരും മാത്രം

പിജി വിദ്യാർഥികൾ, ഹൗസ് സർജൻമാർ എന്നിവർ ഉന്നയിച്ച പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. മെഡിക്കൽ റസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളിൽ പോകുന്നവർക്കായി ഉടൻ തന്നെ എസ്ഒപി പുറത്തിറക്കും. ഹൗസ് സർജൻമാരുടെ പ്രശ്നങ്ങളും കമ്മിറ്റി പരിശോധിക്കും. റസിഡൻസി മാന്വൽ കർശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡി.എം.ഇ. സർക്കുലർ ഇറക്കും. വകുപ്പ് മേധാവികൾ വിദ്യാർത്ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി. പിജി വിദ്യാർത്ഥികൾ ഹൗസ് സർജൻമാർ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.

ഡോക്ടർമാർക്കൊപ്പമാണ് സർക്കാർ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ സമരം ചെയ്യരുത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിശദമായ അവലോകന യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നു. ആശുപത്രികളിലെ സുരക്ഷ ഓഡിറ്റ് സമയബന്ധിതമായി നടത്തും. എല്ലാ പ്രധാന ആശുപത്രികളിലും പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. മറ്റിടങ്ങളിൽ പോലീസ് നിരീക്ഷണമുണ്ടാകും. ആശുപത്രികളിൽ സിസിടിവി ക്യാമറ ഉറപ്പാക്കും.

മുമ്പ് പിജി വിദ്യാർത്ഥികളുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ച കാര്യങ്ങൾ കർശനമായി നടപ്പിലാക്കാൻ മന്ത്രി നിർദേശം നൽകി. ഹോസ്റ്റൽ സൗകര്യം അതാത് സ്ഥാപനങ്ങൾ പരിശോധിച്ച് മുൻഗണന നൽകാൻ ഡിഎംഇയെ ചുമതലപ്പെടുത്തി. ന്യായമായ സ്റ്റൈപെന്റ് വർധനയ്ക്കുള്ള പ്രൊപ്പോസൽ സർക്കാർ പരിഗണനയിലാണ്.

ആരോഗ്യ പ്രവർത്തകർ ഇനി ആക്രമിക്കപ്പെടാൻ പാടില്ല. അതിനുള്ള നടപടികൾ കർശനമായി സ്വീകരിക്കും. മെഡിക്കൽ കോളേജുകളിൽ പബ്ലിക് അഡ്രസ് സിസ്റ്റം നടപ്പിലാക്കും. ചികിത്സാ ക്വാളിറ്റി, ജീവനക്കാരുടെ സുരക്ഷ എന്നിവ പ്രധാനമാണ്. രോഗികളുടെ വിവരങ്ങൾ അറിയിക്കുന്നതിന് ബ്രീഫിംഗ് റൂം ഉറപ്പാക്കണം. വാർഡുകളിൽ കൂട്ടിരിപ്പുകാർ ഒരാൾ മാത്രമേ പാടുള്ളൂ. അത്യാഹിത വിഭാഗത്തിൽ 2 പേർ മാത്രം. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള അലാറം സമ്പ്രദായം നടപ്പിലാക്കണം. ചീഫ് സെക്യൂരിറ്റി ഓഫീസറുടെ നമ്പർ എല്ലാവർക്കും നൽകണം.

മെഡിക്കൽ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്രഷ് സംവിധാനം എല്ലാ മെഡിക്കൽ കോളേജിലും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജോ. ഡയറക്ടർ, സ്പെഷ്യൽ ഓഫീസർ, എല്ലാ മെഡിക്കൽ കോളേജുകളിലേയും പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, പിജി വിദ്യാർത്ഥികളുടേയും ഹൗസ് സർജമാരുടേയും സംഘടനാ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.