അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം മന്ത്രി വി ശിവൻകുട്ടി നാടിനു സമർപ്പിച്ചു
ഒരു നൂറ്റാണ്ടിലേറെ പഴമയും പാരമ്പര്യവുമുള്ള തൃക്കൂർ ഗവ. എൽ പി സ്കൂളിൻ്റെ ചരിത്രത്തിൽ നാഴികക്കല്ലായി പുതിയ സ്കൂൾ കെട്ടിടം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരുകോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കുറഞ്ഞ കാലം കൊണ്ട് 3800 കോടി രൂപ സംസ്ഥാനം ചെലവഴിച്ചു കഴിഞ്ഞു എന്ന് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു. അപൂർണ്ണവും സ്വാർത്ഥതാൽപര്യമുള്ള അറിവുകൾ കുട്ടികൾക്ക് നൽകരുതെന്നും പകരം ശാസ്ത്രീയവും സത്യസന്ധവുമായ അറിവുകൾ പകർന്നു നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി പാഠപുസ്തകങ്ങൾ തിരുത്തുന്നത് കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും ഈ വിഷയത്തിൽ വലിയ ഇടപെടൽ നടത്താൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
2020-21 വാർഷിക പദ്ധതിയിൽ വകയിരുത്തിയ തുക ഉപയോഗിച്ചാണ് തൃക്കൂർ ഗവ. എൽ പി സ്കൂളിൽ നിർമ്മാണം നടത്തിയത്. ഓടിട്ടതും ഇടുങ്ങിയതുമായ 9 ക്ലാസ് മുറികൾ പൊളിച്ചു മാറ്റിയാണ് മികച്ച സൗകര്യത്തോടുകൂടിയുള്ള അഞ്ച് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും നിർമ്മിച്ചത്. പഴയ കെട്ടിടത്തിന്റെ ഭാഗമായ രണ്ട് ക്ലാസ്സ് മുറികളും ഒരു ഹാളും നിലനിൽക്കുന്നുണ്ട്.
1917ൽ ആരംഭിച്ച തൃക്കൂർ ഗവ. എൽ പി സ്കൂൾ തൃക്കൂരിന്റെ മണ്ണിൽ ഒരു കാലഘട്ടത്തിൻ്റെ വിദ്യാഭ്യാസ അടിത്തറ ആയിരുന്നു. ഭൗതിക സാഹചര്യത്തിൻ്റെ അഭാവം മൂലം കാലക്രമേണ ഈ പ്രാധാന്യത്തിന് കോട്ടം തട്ടി. എന്നാൽ മികച്ച സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് ഒരു ഡിവിഷൻ കൂടി ഉൾപ്പെടുത്തി പുതിയ അധ്യയന വർഷത്തിലേക്ക് പ്രതീക്ഷകളോടെയാണ് തൃക്കൂർ ജി എൽ പി എസ് കടക്കുന്നത്.
പരിപാടിയിൽ കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു. തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൈമൺ നമ്പാടൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ജസീമ എൽ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ. വി.ആൻ്റണി, പിടിഎ പ്രസിഡണ്ട് എം എം അജിത്ത്, മറ്റ് ജനപ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.