അക്ഷര ലോകത്തേക്ക് കുരുന്നുകളെ ആഘോഷമായി വരവേറ്റ് കോതമംഗലം ഉപജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. രാമല്ലൂര്‍ എസ്.എച്ച്.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി ആന്റണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

താള മേളങ്ങളുടെ അകമ്പടിയോടെ ഘോഷ യാത്രയായാണ് പുതിയ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അങ്കണത്തിലേക്ക് ആനയിച്ചത്. പുത്തനുടുപ്പും വര്‍ണ്ണത്തൊപ്പികളും ധരിച്ചെത്തിയ കുട്ടികളും മാതാപിതാക്കളും ജനപ്രതിനിധികളും അധ്യാപകരും ഘോഷയാത്രിയില്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ജിജോ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രീത രാമചന്ദ്രന്‍, അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ കെ.പി സുധീര്‍, ബ്ലോക്ക് പ്രോജക്റ്റ് കോ ഓഡിനേറ്റര്‍ കെ ബി സജീവ്, പി.ടി.എ പ്രസിഡന്റ് ജയ്‌സ് പി ജോസ്, എജുക്കേഷന്‍ കൗണ്‍സിലര്‍ റെവറല്‍ എസ്.ആര്‍ മരിയന്‍സി സി.എം.സി, ഹെഡ് മിസ്‌ട്രെസ് റവറല്‍ അനുജ സി.എം.സി, മറ്റ് അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയര്‍ പങ്കെടുത്തു.