മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയിലൂടെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള ശ്രമമാണ് നടത്തുന്നതെന്ന് സഹകരണ-രജിസ്ട്രഷേൻ മന്ത്രി വി.എൻ. വാസവൻ. ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം കവർന്നെടുക്കുന്നതിനുള്ള നീക്കമാണിതെന്നും മന്ത്രി വ്യക്തമാക്കി.
2021 ജൂലായ് 20 ന് 97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ഭരണഘടനാ ബഞ്ചിന്റെ സുപ്രധാന വിധിയിൽ സഹകരണമേഖല സംസ്ഥാന വിഷയമാണെന്ന് അസനിഗ്ദ്ധമായി ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ 32-ാം എൻട്രി പ്രകാരം സഹകരണ മേഖല സംസ്ഥാന വിഷയമാണെന്നും സംശയലേശമന്യേ സുപ്രീം കോടതി വ്യക്തമാക്കി. ഈ തിരിച്ചടി മറികടക്കാനാണ് പുതിയ മൾട്ടി സ്റ്റേറ്റ് നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുവരുന്നത്. ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന സമീപനമാണിത്.
സഹകരണ മേഖലയിൽ 71 ശതമാനം നിക്ഷേപകരുമുള്ളത് കേരളത്തിലാണ്. നിക്ഷേപകരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സഹകരണമേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഈ നീക്കത്തിനെതിരെ സംസ്ഥാനം സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാധാരണക്കാർക്ക് ഗുണകരമായ പ്രവർത്തനം നടത്തുന്ന സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധിയാകും പുതിയ നിയമ ഭേദഗതി. സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണിത്. ലോകത്തിന് തന്നെ മാതൃകയാകുന്ന, റാങ്കിംഗിൽ വൻകിട സഹകരണ സംഘങ്ങളെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തിയ സഹകരണ സംഘങ്ങളും സംസ്ഥാനത്തുണ്ട്. ഇത്തരത്തിൽ മാതൃകയാകുന്ന സംഘങ്ങൾക്ക് പോലും ഭീഷണിയാകുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ നിയമഭേദഗതി ശക്തിയുക്തം എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.