ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി താത്പര്യമുള്ള ഫോട്ടോഗ്രാഫർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. പി.ആർ.ഡിയിലോ പത്ര സ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫർമാരായി സേവനം ചെയ്തവർക്ക് മുൻഗണന. ഡിജിറ്റൽ എസ്.എൽ.ആർ/മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന.

സർക്കാർ പരിപാടികളുടെ ഫോട്ടോ കവറേജാണ് ചുമതല. ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യ പരിപാടിക്ക് 700 രൂപയും തുടർന്ന് എടുക്കുന്ന രണ്ട് പരിപാടികൾക്ക് 500 രൂപ വീതവും പ്രതിഫലം നൽകും. ഒരുദിവസം പരമാവധി 1700 രൂപയാണ് പ്രതിഫലം. കരാർ ഒപ്പിടുന്ന തീയതി മുതൽ 2024 മാർച്ച് 31 വരെയാണ് പാനലിന്റെ കാലാവധി.

അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം ആഗസ്റ്റ് ഏഴിന് തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ബി 3 ബ്ലോക്ക്, സിവിൽ സ്‌റ്റേഷൻ മലപ്പുറം, പിൻ: 676505 എന്ന വിലാസത്തിൽ നേരിട്ടോ ഇ-മെയിൽ വഴിയോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 273 4387. ഇ-മെയിൽ: diomlpm@gmail.com.