ഓണക്കാലത്ത് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് മലപ്പുറം ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനിയുടെ നേതൃത്വത്തില്‍ നിലമ്പൂർ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.

സൂപ്പർ മാർക്കറ്റുകള്‍, പലചരക്ക് കട, പച്ചക്കറി, ഹോട്ടൽ, മത്സ്യ മാംസ കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പച്ചക്കറികടകളിലെ വിലകൾ താരതമ്യം ചെയ്യുകയും അമിതമായി വില ഈടാക്കുന്നതായി കണ്ടെത്തിയ കടകളിൽ അപ്പോൾ തന്നെ വില കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും ആവശ്യമായ ലൈസൻസുകൾ എടുക്കാതെയും വിൽപ്പന നടത്തിയ ഒമ്പത് വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കി. അളവുതൂക്ക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ലീഗൽ മെട്രോളജി വകുപ്പും പ്രത്യേകം നോട്ടീസ് നല്‍കി.

ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നിലമ്പൂർ താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ തങ്കച്ചൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ സുദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജന, റേഷനിങ് ഇൻസ്പെക്ടർ അബ്ദുൽ മജീദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.