18 വയസ്സ് വരെയുള്ള കുട്ടികളിലെ രോഗനിർണയം ലക്ഷ്യം
കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിർണയം നടത്തുന്നതിന് ജില്ലയിൽ ബാലമിത്ര 2.0 ക്യാമ്പയിൻ സെപ്റ്റംബർ 20 മുതൽ നവംബർ 30 നടത്തുന്നു. ജില്ലാ കലക്ടറിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.
കുഷ്ഠരോഗത്തെ നേരിടാം…
രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ നൽകി അംഗവൈകല്യവും രോഗപകർച്ചയും ഇല്ലാതാക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.
18 വയസ് വരെയുള്ള കുട്ടികളാണ് ഉൾപ്പെടുക. ജില്ലയിലെ മുഴുവൻ അങ്കണവാടി വർക്കർമാർക്കും സ്കൂൾ അധ്യാപകർക്കും കുഷ്ഠരോഗം, ബാലമിത്ര സംബന്ധിച്ച് ബോധവത്ക്കരണ പരിശീലന ക്ലാസുകൾ ആരോഗ്യ പ്രവർത്തകർ വഴി നൽകും. പി.ടി.എ വഴി രക്ഷകർത്താക്കൾക്കും അവബോധം നൽകും. കുട്ടികൾക്ക് അധ്യാപകർ പദ്ധതിയെ കുറിച്ച് വിശദീകരിക്കും. തുടർന്ന് രക്ഷിതാക്കളുടെ സഹായത്തോടെ പരിശോധന നടത്തി കുഷ്ഠരോഗം സംശയിക്കുന്ന കലകൾ, പാടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ക്ലാസ് ടീച്ചറെ വിവരം അറിയിക്കാൻ നിർദേശം നൽകും. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ പട്ടിക അധ്യാപകർ ആരോഗ്യ പ്രവർത്തകർക്ക് നൽകുകയും മെഡിക്കൽ ഓഫീസർമാർ തുടർപരിശോധനകൾക്ക് വിധേയമാക്കി രോഗ നിർണയം നടത്തി ചികിത്സ നൽകും. രോഗിയുടെ സ്വകാര്യത നിലനിർത്തി സൗജന്യ ചികിത്സയാണ് നൽകിയാണ് തുടർ പ്രവർത്തനങ്ങൾ ചെയ്യുക.
വായുവിലൂടെ രോഗസംക്രമണം നടക്കുന്ന പകർച്ചവ്യാധിയാണ് കുഷ്ഠം. ചികിത്സയ്ക്ക് വിധേയമാക്കാത്ത രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന രോഗാണുക്കൾ വഴിയാണ് ഇവ പകരുന്നത്. ചർമ്മത്തിൽ ഉണ്ടാകുന്ന നിറം മങ്ങിയതോ, ചുവന്ന് തടിച്ചതോ, സ്പർശന ശേഷി കുറഞ്ഞതോ ആയ പാടുകളാണ് പ്രധാന രോഗലക്ഷണം.
മുൻവർഷത്തെ കണക്കുകൾ
മുൻവർഷങ്ങളിലെ കണക്കുകളിൽ 2018-19 വർഷത്തിലാണ് ജില്ലയിൽ കുഷ്ഠരോഗ ബാധിതരായ കുട്ടികൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത്. 10 പേർ രോഗബാധിതരായി. 2017-18ൽ 7 ഉം 2019-20 ൽ നാല് എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. 2022-2023 കാലയളവിൽ രോഗബാധിതരായ കുട്ടികൾ ഉണ്ടായില്ല. നിലവിൽ 30 മുതിർന്നവരായ രോഗികളാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.
ബാലമിത്ര ക്യാമ്പയിന് ജില്ലാ ഭരണകൂടത്തിന്റെ പൂർണപിന്തുണ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ പങ്കുവെച്ചു. ക്യാമ്പയിന്റെ ഭാഗമായി ഏവരുടെയും സഹകരണവും അഭ്യർഥിച്ചു. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ടി പി ശ്രീദേവി, ഡിപിഎം ഡോ. സജീവ് കുമാർ പി, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.ജില്ല ലെപ്രസി ഓഫിസർ ഡോ. കാവ്യ കരുണാകരൻ വിഷയം അവതരിപ്പിച്ചു.