ജി.എസ്.ടി റിട്ടേണുകളിൽ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് സംബന്ധിച്ച വിവരങ്ങൾ ശരിയായ രീതിയിൽ രേഖപ്പെടുത്തുവാൻ നികുതിദായകരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നികുതിദായകർക്കും, ടാക്‌സ് പ്രാക്ടീഷണർമാർക്കും, അനുബന്ധ ഗുണഭോക്താക്കൾക്കുമായി ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 18 തിങ്കളാഴ്ച രാവിലെ 11 മുതൽ 12.30 വരെ ക്ലാസുകൾ നടക്കും. സെപ്റ്റംബർ 21, വ്യാഴാഴ്ച മുതൽ നവംബർ മാസാവസാനം വരെ തുടർച്ചയായി എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 11 മുതൽ 12.30 വരെയായിരിക്കും ക്ലാസിന്റെ സമയക്രമം.
സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഭാഗീകമായോ, പൂർണ്ണമായോ ജി.എസ്.ടി നികുതി വിധേയമായ വ്യാപാരം നടത്തുന്ന നികുതിദായകർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ പരിശീലന പരിപാടി പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. പരിശീലന പരിപാടി സംബന്ധിച്ചുള്ള വിവരങ്ങൾക്കായി ജില്ലാടിസ്ഥാനത്തിൽ ജില്ലാ ജോയിന്റ് കമ്മീഷണർ (ടി.പി.എസ്) ന്റെ ഓഫീസുമായോ, അതാത് ടാക്‌സ് പെയർ സർവ്വീസസ് സർക്കിളുമായോ ബന്ധപ്പെടാം.