ജില്ലയിലെ റവന്യൂ റിക്കവറി പിരിവ് ഊർജിതമാക്കണമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർദേശിച്ചു. ഓഗസ്റ്റ് മാസത്തെ റവന്യൂ റിക്കവറി, ലാൻഡ് റവന്യൂ പിരിവ് പുരോഗതി എന്നിവ വിലയിരുത്തുന്നതിന് ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെയിൽസ് ടാക്സ്, മോട്ടോർ വെഹിക്കിൾ ടാക്സ്, ബാങ്ക് ലോൺ, തൊഴിൽ നികുതി കുടിശിക തുടങ്ങി വിവിധ റവന്യൂ റിക്കവറി ഇനങ്ങളിലായി 247 കോടി രൂപ പിരിക്കാനുണ്ട്. പിരിച്ചെടുക്കൽ ഊർജ്ജിതമാക്കണമെന്ന് കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
10 ലക്ഷത്തിന് മേൽ കുടിശ്ശികയുള്ള കക്ഷികളെ കണ്ടെത്തി റവന്യൂ റിക്കവറി നടപടി പ്രകാരം ജപ്തി, വില്പന ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ച് അടിയന്തരമായി തുക ഈടാക്കണം. 20 ലക്ഷത്തിലധികമുള്ള ബാങ്ക് ലോൺ കേസുകളിൽ സർക്കാർ നിർദേശപ്രകാരം അതാത് ബാങ്കുകൾക്ക് തിരിച്ച് അയക്കാനും കളക്ടർ നിർദ്ദേശിച്ചു.
ബാങ്ക് ലോൺ, കോടതിപിഴ ഒഴികെ രണ്ട് ലക്ഷം രൂപ വരെയുള്ള കേസുകളിൽ ബന്ധപ്പെട്ട കക്ഷികൾ കളക്ടറേറ്റിൽ സമീപിച്ചാൽ തുക തവണകളായി അടച്ചു തീർക്കാനുള്ള സൗകര്യം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
കളക്ടറുടെ അധ്യക്ഷതയിൽ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർമാരായ വി.ഇ അബ്ബാസ്, ബി.അനിൽകുമാർ, കെ ഉഷാബിന്ദു മോൾ, തഹസിൽദാർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.