ഒഡെപെക്കുമായി ചേർന്ന് നവീകരിച്ച് നടപ്പാക്കുന്ന പട്ടികവിഭാഗം വിദ്യാർഥികൾക്കുള്ള വിദേശ പഠന സ്‌കോളർഷിപ്പ് പദ്ധതി 4ന് രാവിലെ 11ന് അയ്യങ്കാളി ഹാളിൽ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

വിദേശ പഠന സ്‌കോളർഷിപ്പിന്റെ അപേക്ഷാ പ്രക്രിയകൾ എളുപ്പത്തിലാക്കാൻ ഓവർസീസ് ഡെവലപ്‌മെന്റ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടൻസ് (ഒഡെപ്പെക്ക്) തയ്യാറാക്കിയ വെബ് സൈറ്റും ഉദ്ഘാടനം ചെയ്യും. അടുത്ത വർഷം മുതൽ വിദേശ പഠന സ്‌കോളർഷിപ്പ് ഇടനിലക്കാരെ ഒഴിവാക്കി ഒഡെപ്പെക്ക് മുഖേന മാത്രമാവും അനുവദിക്കുക.

വിദേശ രാജ്യങ്ങളിലേയ്ക്ക് വിദ്യാർഥികളെ കൊണ്ടുപോകുന്ന പല സ്വകാര്യ ഏജൻസികളും അവരെ ചൂഷണം ചെയ്യുന്നതായി പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകൾക്ക് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ഏജൻസിയായ ഒഡെപ്പെക്ക് വഴി പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികൾക്ക് ഓൺലൈനായി നിർദിഷ്ട വെബ്സൈറ്റിൽ അപേക്ഷിക്കാം. അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും. അടുത്തവർഷം 310 വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ബിരുദത്തിന് ചുരുങ്ങിയത് 55 ശതമാനം മാർക്ക് നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 35 വയസിൽ താഴെയായിരിക്കണം. പട്ടികവർഗക്കാർക്ക് വരുമാന പരിധിയില്ല. 12 ലക്ഷം രൂപ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബത്തിൽ നിന്നുള്ള കുട്ടികൾക്കാകും 25 ലക്ഷം രൂപ വരെ സ്‌കോളർഷിപ്പ് നൽകുക.

12 മുതൽ 20 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് 15 ലക്ഷം രൂപ വരെ അനുവദിക്കും. ഒരു വിദ്യാർഥിക്ക് ഒരു കോഴ്‌സിന് മാത്രമാകും സ്‌കോളർഷിപ്പ്.