ജില്ലയിലെ ആതുരാലയങ്ങളെയും ചികിത്സാ സൗകര്യങ്ങളും നേരിട്ടറിയാനുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ സന്ദര്‍ശനം വേറിട്ടതായി മാറി. അതിരാവിലെ തന്നെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ആദ്യം തന്നെ അത്യാഹിത വിഭാഗമാണ് മന്ത്രി സന്ദര്‍ശിച്ചത്. ഇവിടെ രോഗികള്‍ക്കുള്ള സൗകര്യങ്ങളും പോരായ്മകളും മന്ത്രി വിലയിരുത്തി. തുടര്‍ന്ന് ഒബ്സര്‍വേഷന്‍ വാര്‍ഡിലുള്ള രോഗികളുമായി മന്ത്രി ആശയ വിനിമയം നടത്തി. അടിസ്ഥാന സൗകര്യങ്ങളെല്ലാമുണ്ടെങ്കിലും ചികിത്സാ സോവനങ്ങള്‍ അതുപോലെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. ഡോക്ടറുടെ സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്ന പരാതിയില്‍ അധികൃതരോട് മന്ത്രി വിവരങ്ങള്‍ ആരാഞ്ഞു. വനിതാ പാലിയേറ്റീവ് പരിചരണ വിഭാഗത്തിലെത്തി അമ്മയെയും കുട്ടിയെയും നേരിട്ട് കണ്ട് മന്ത്രി വിശേഷങ്ങള്‍ തിരക്കി. ഓക്സിജന്‍ പ്ലാന്റ് തുടങ്ങി ആശുപത്രിയിലെ മുഴുവന്‍ കാര്യങ്ങളും തിരക്കിയാണ് മന്ത്രി ഇവിടെ നിന്നും മടങ്ങിയത്.
9 മണിയോടെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിയ മന്ത്രി വീണാജോര്‍ജ്ജ് പീഡിയാട്രിക് ഐ.സി.യുവില്‍ സന്ദര്‍ശനം നടത്തി കുട്ടികളോടും രക്ഷിതാക്കളോടും സംസാരിച്ചു. ആശുപത്രിയിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും മന്ത്രി പരിശോധിച്ചു. ആശുപത്രിയിലെത്തിയ രോഗികളില്‍ നിന്നും ആശുപത്രിയിലെ സൗകര്യങ്ങള്‍ പരിമിതികള്‍ എന്നിവയെക്കുറിച്ചെല്ലാം മന്ത്രി ചോദിച്ചു. അത്യാവശ്യമായുള്ള ഡയാലിസിസ്, രക്തബാങ്ക് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉടന്‍ സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു.
രാവിലെ പത്തോടെയാണ് വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിയ മന്ത്രി വാര്‍ഡുകള്‍, ലാബുകള്‍, നിര്‍മാണം നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സന്ദര്‍ശിച്ചു. ആശുപത്രിയിലെ ശൗചാലങ്ങള്‍ അവയുടെ പരിപാലനം എന്നിവയെല്ലാം മന്ത്രി വിലയിരുത്തി. നിര്‍മ്മാണം പൂര്‍ത്തിയായ എം.സി.എച്ച് കെട്ടിടവും പരിശോധിച്ചു.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ജീവനക്കാര്‍, രോഗികള്‍ എന്നിവരോട് വിവരങ്ങളും അഭിപ്രായങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ആശുപത്രികളില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പോരായ്മകള്‍ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി നേരിട്ട് സന്ദര്‍ശിക്കുന്നത്. ആതുരാലയങ്ങളുടെ പോരായ്മകളെല്ലാം പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളെല്ലാം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് അപ്പോള്‍ തന്നെ മന്ത്രി കൈമാറുന്നുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന അവലോകന യോഗത്തിലും ജില്ലയിലെ ആതുരാലയങ്ങളുടെ വിവരങ്ങളെല്ലാം മന്ത്രി ചോദിച്ചറിഞ്ഞു.