പുരോഗമനചിന്തയും യുക്തി ബോധവുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കണം : മന്ത്രി ജെ ചിഞ്ചുറാണി


പുരോഗമനചിന്തയും യുക്തി ബോധവുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ ഭരണകൂടത്തിന്റെയും ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തില്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംഘടിപ്പിച്ച ജില്ലാതല ശിശുദിനാഘോഷ പരിപാടിയില്‍ ശിശുദിനസന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

രാജ്യത്തിന്റെ യശസ് ലോകത്തിന് മുന്നില്‍ തുറന്നു കാട്ടിയ നേതാവാണ് ജവഹര്‍ലാല്‍ നെഹ്റു. സ്വാതന്ത്ര്യസമര സേനാനികള്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ കുരുന്നുകള്‍ക്ക് പകര്‍ന്നു നല്‍കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. സംസ്‌കാരവും ചരിത്രബോധവും ഉള്ളവരായി ഭാവിതലമുറ വളരണം. രാജ്യത്തിന്റെ ഭാവി പുതുതലമുറയുടെ കൈകളില്‍ ഭദ്രമാണെന്നും മന്ത്രി പറഞ്ഞു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ആരംഭിച്ച വര്‍ണാഭമായ ശിശുദിന റാലിയുടെ ഫ്ളാഗ്ഓഫ് ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് നിര്‍വഹിച്ചു.

സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി എം മഹേശ്വര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് നദീം ഇഹ്‌സാന്‍ അധ്യക്ഷനായി. കുട്ടികളുടെ സ്പീക്കര്‍ എസ് മിഥുന്‍ ശിശുദിന പ്രഭാഷണം നടത്തി. എം നൗഷാദ് എം എല്‍ എ പ്രതിഭകളെ ആദരിച്ചു. ശിശുദിന സ്റ്റാമ്പ് പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനും സയന്‍സ് ഗ്ലോബല്‍ ലോഗോ പ്രകാശനം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫും നിര്‍വഹിച്ചു.
രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് നേടിയ ഡിസ്ട്രിക്ട്  ചില്‍ഡ്രന്‍ ആന്‍ഡ് പോലീസ് പ്രൊജക്റ്റ് ജില്ലാ നോഡല്‍ ഓഫീസര്‍ സോണി ഉമ്മന്‍ കോശിയെയും ‘എന്റെ വിദ്യാലയം എന്റെ കൃഷി’ പദ്ധതി പ്രകാരം കരീപ്ര കളവൂര്‍ക്കോണം പാട്ടുപുരയ്ക്കല്‍ പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ കുഴിമതിക്കാട് സ്‌കൂളിലെ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിച്ച് കൃഷിയിറക്കിയ കര്‍ഷകരെയും ചടങ്ങില്‍ ആദരിച്ചു. ശിശുക്ഷേമ സമിതി ഭാരവാഹികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.