ഗോത്ര ജനതയ്ക്കായുള്ള വിജ്ഞാന തൊഴില്‍ പദ്ധതി ഒപ്പറയ്ക്ക് വയനാട്ടില്‍ തുടക്കമായി. കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവര്‍ സംയുക്തമായി അട്ടപ്പാടി, നൂല്‍പ്പുഴ, തിരുനെല്ലി, നിലമ്പൂര്‍, ആറളം എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക വിജ്ഞാന പദ്ധതിയാണ് ഒപ്പറ. പദ്ധതിയുടെ ഭാഗമായി തിരുനെല്ലി സ്പെഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്സ് അധ്യാപകര്‍, യൂത്ത് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ക്കായി ഏകദിന പരിശീലനം നടത്തി.

ഗോത്ര മേഖലയിലെ അഭ്യസ്തവിദ്യര്‍ക്ക് വൈജ്ഞാനിക തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ പിന്തുണകളും നൈപുണ്യ പരിശീലനവും ഒപ്പറയിലൂടെ നല്‍കും. കാട്ടിക്കുളം എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന ഏകദിന പരിശീലനം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ തിരുനെല്ലി സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സൗമിനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സ്പെഷ്യല്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍, കേരളനോളജ് ഇക്കോണമി മിഷന്‍ ഡൈവേഴ്‌സിറ്റി ഇന്‍ക്ലുഷന്‍ മാനേജര്‍ കെ.പ്രിജിത്, കേരള നോളജ് ഇക്കോണമി മിഷന്‍ റീജണല്‍ പ്രോഗ്രാം മാനേജര്‍ ഡയാന ,ജില്ലാ പ്രോഗ്രാം മാനേജര്‍ അഫ്‌സാന, കമ്മ്യൂണിറ്റി അംബാസിഡര്‍ അശ്വതി, ബ്രിഡ്ജ് കോഴ്സ് ടീച്ചര്‍ ബ്രിനീഷ എന്നിവര്‍ സംസാരിച്ചു. നോളജ് മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്ഫോം വഴി തൊഴിലാന്വേഷകരെ കണ്ടെത്തി പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.