ജനാധിപത്യത്തിന്റെ തുറന്ന വേദിയാണ് നവകേരള സദസ്സെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. വടക്കാഞ്ചേരി മണ്ഡലം നവകേരള സദസ്സിൽ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പൂർത്തിയാക്കുക മാത്രമല്ല, അവ പ്രോഗ്രസ്സ് കാർഡ് രൂപത്തിൽ ജനസമക്ഷം അവതരിപ്പിക്കുന്ന സർക്കാർ കൂടിയാണിത്. നവകേരള സദസ്സുകൾ ബഹിഷ്കരിച്ചവരെ ജനം ബഹിഷ്കരിക്കുന്ന കാഴ്ചയാണ് ഓരോ വേദിയിലും കാണുന്നത്.

ഭൂരഹിതർ ഇല്ലാത്ത, അതിദരിദ്രരില്ലാത്ത നവകേരളം വൈകാതെ തന്നെ സാക്ഷാത്കരിക്കും. 64006 അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെടുന്നവരെയാണ് കുടുംബശ്രീയുടെ സഹായത്തോടെ കണ്ടെത്തിയത്. ഇവരുടെ പുനരധിവാസത്തിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു. ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയപ്പോൾ 18 മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക ഉൾപ്പെടെ കൊടുത്തുതീർത്തു. 600 രൂപയിൽ നിന്നും പെൻഷൻ തുക ഘട്ടംഘട്ടമായി 1600 രൂപയാക്കി. ദേശീയപാത വികസനം 2025 ഓടെ പൂർത്തിയാക്കും. മുണ്ടൂർ കുപ്പികഴുത്ത് റോഡ് പ്രശ്നം പരിഹരിക്കാൻ കിഫ്ബിയിൽ ഉൾപ്പെടുത്തി 96 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയാണ് നൽകിയത്.

57400 കോടിയാണ് കേന്ദ്രസർക്കാർ നൽകാനുള്ളത്. കൂടാതെ കേരളത്തിന്റെ കടമെടുക്കാനുള്ള അവകാശത്തെയും തടസ്സപ്പെടുത്തുന്നു. എന്നിരുന്നാലും പ്രളയം, നിപ്പ, കോവിഡ് ഉൾപ്പെടെ സംസ്ഥാനം നേരിട്ട പ്രതിസന്ധികളിൽ സർക്കാർ ജനങ്ങളെ ചേർത്തുപിടിച്ചു. ജനങ്ങളാണ് യഥാർത്ഥ യജമാനന്മാർ എന്ന പൂർണബോധ്യത്തിലാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.