തീരദേശ മേഖലയിലെ സർക്കാർ സ്‌കൂളുകളിൽ പ്രഭാതഭക്ഷണം നൽകുന്ന ഫുഡ് മോണിങ് പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം പുതുപൊന്നാനി ഫിഷറീസ് എൽ.പി സ്‌കൂളിൽ കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ നിർവഹിച്ചു. പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ടി.മുഹമ്മദ് ബഷീർ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പല, വാർഡ് കൗൺസിലർമാരയ ബാത്തിഷ, ജംഷീന, ഇംപ്ലിമെന്റിങ് ഓഫീസർ വി.കെ. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.

നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഴീക്കൽ സ്‌കൂൾ, ടൗൺ സ്‌കൂൾ, പുതുപൊന്നാനി ഫിഷറീസ് സ്‌കൂൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കുന്നത്. പട്ടിണിയില്ലാത്ത പഠന കാലം, പോഷകാഹാര കുറവ് പരിഹരിക്കൽ, ഹാജർ നില ഉയർത്തൽ, കൊഴിഞ്ഞു പോക്ക് തടയൽ, തൊഴിലെടുക്കുന്ന അമ്മമാരുടെ അധ്വാനം ലഘൂകരിക്കൽ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പൊന്നാനി കിച്ചൺ കുടുംബശ്രീ യൂണിറ്റാണ് ‘ഫുഡ് മോർണിങ്’ പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. പുട്ട്, കടലക്കറി, അപ്പം, മുട്ടക്കറി, പൂരി, കിഴങ്ങ് കറി, ഇഡ്ഡലി, സാമ്പാർ, ചട്നി, നൂൽപ്പുട്ട് തുടങ്ങിയ വിഭവങ്ങളാണ് ഒരുക്കുക.