ഹരിതകര്‍മ്മസേനയുടെ കാര്യശേഷിയും നൈപുണ്യവും വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുന്നതിനും സംഘടിപ്പിക്കുന്ന ത്രിദിന പരിശീലനം സുല്‍ത്താന്‍ ബത്തേരിയില്‍ തുടങ്ങി. കിലയുടെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റി ടൗണ്‍ഹാളില്‍ നടക്കുന്ന പരിശീലനം നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ എല്‍സി പൗലോസ് ഉദ്ഘാടനം ചെയ്തു.

മാലിന്യ ശേഖരണം, തരംതിരിക്കല്‍, ഉറവിട ജൈവമാലിന്യ സംസ്‌കരണം, ആരോഗ്യസുരക്ഷാ മുന്‍കരുതലുകള്‍, മാലിന്യ പരിപാലന നിയമങ്ങള്‍, സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍, വരുമാനം മെച്ചപ്പെടുത്തല്‍, സംരംഭകത്വ സാധ്യതകള്‍, മികച്ച ആശയവിനിമയം, ലിംഗനീതിയും തൊഴിലിലെ അന്തസ്സും ഉറപ്പുവരുത്തല്‍, ഹരിതമിത്രം ആപ്പിന്റെ ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങളാണ് ത്രിദിന പരിശീലനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സാലി പൗലോസ് അധ്യക്ഷയായ പരിപാടിയില്‍ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷാമില ജുനൈസ്, കെ.എസ്.ഡബ്ല്യൂ.എം.പി. ജില്ലാ സോഷ്യല്‍ എക്‌സ്പര്‍ട്ട് ഡോ.സൂരജ്, ജെ.എച്ച്.ഐ.സജീവ്, കില റിസോര്‍സ് പേഴ്‌സന്മാരായ പി.എ തോമസ്, പി.സി ജോസഫ്, ജുബൈര്‍, കുടുംബശ്രീ എം.ഇ.സി. കെ.സി. ഷീബ, ശുചിത്വമിഷന്‍ വൈ.പി ഹാരിസ് എ.എസ് എന്നിവര്‍ സംസാരിച്ചു.