തൃശൂർ റവന്യൂ ഡിവിഷൻ്റെ കീഴിൽ നടന്ന ഭൂമി തരം മാറ്റൽ അദാലത്തിൽ ലഭിച്ച 4715 അപേക്ഷകളിലും പരിഹാരമായി. തൃശൂർ, തലപ്പിള്ളി, കുന്നംകുളം, ചാവക്കാട് താലൂക്കുകളിലെ അപേക്ഷകളാണ് പരിഗണിച്ചത്. തൃശൂർ താലൂക്കിൽ 2692, തലപ്പിള്ളി 460, കുന്നംകുളം 338, ചാവക്കാട് 1,225 എന്നിങ്ങനെയാണ് അപേക്ഷകൾ ലഭിച്ചത്.
ജില്ലാ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ നടന്ന തൃശൂർ റവന്യൂ ഡിവിഷണൽ ഭൂമി തരം മാറ്റം അദാലത്ത് സബ് കലക്ടർ മുഹമ്മദ് ഷഫീക്ക് ഉദ്ഘാടനം ചെയ്തു. അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി, സീനിയർ സൂപ്രണ്ട് പി എസ് ജീവ, ഭൂരേഖ തഹസിൽദാർമാരായ എം സന്ദീപ്, പി ജി നാരായണൻ കുട്ടി, കെ ആർ രേവതി, വി ബി ജ്യോതി, ജൂനിയർ സൂപ്രണ്ടുമാരായ പി കെ ഉണ്ണികൃഷ്ണൻ, എം എ സുരേഷ്, കെ കെ മനോജ് കുമാർ, എം പി സബിത, പി എ രാജശ്രീ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ 25 സെന്റില്‍ താഴെ വിസ്തീര്‍ണം വരുന്നതും സൗജന്യമായി തരംമാറ്റം അനുവദിക്കാവുന്നതുമായ തരംമാറ്റം അപേക്ഷകളുടെ തീര്‍പ്പാക്കലാണ് നടന്നത്. ഭൂമി തരം മാറ്റത്തിനുള്ള മുഴുവന്‍ അപേക്ഷകളും സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.