ഇരിങ്ങാലക്കുട റവന്യു ഡിവിഷൻ ഭൂമി തരംമാറ്റ അദാലത്തിൽ ആകെ ലഭിച്ച 2031 അപേക്ഷകളിൽ അദാലത്തിൽ വന്ന 1530 ഉത്തരവുകൾ ഉൾപ്പെടെ 1844 ഉത്തരവുകൾ ഇരിങ്ങാലക്കുട ആർ ഡി ഒ വിതരണം ചെയ്തു. ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ആർ ഡി ഒ എം.കെ ഷാജി അധ്യക്ഷത വഹിച്ചു. മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ താലൂക്കുകളിൽ നിന്നുള്ള അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്.

യോഗ്യമായ എല്ലാ അപേക്ഷകളും പരിഗണിക്കാൻ സാധിച്ചു എന്ന് ഇരിങ്ങാലക്കുട ആർ ഡി ഒ എം.കെ ഷാജി അറിയിച്ചു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ഭൂമി തരം മാറ്റ അദാലത്ത് ജനപങ്കാളിത്തം കൊണ്ടും വളരെ ക്രമീകൃതമായും നടത്തപ്പെട്ടതിലും വളരെ മികച്ചു നിന്നു.

മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്ക്കളിലെ 25 സെന്റില്‍ താഴെ വിസ്തീര്‍ണം വരുന്നതും സൗജന്യമായി തരംമാറ്റം അനുവദിക്കാവുന്നതുമായ തരംമാറ്റം അപേക്ഷകളുടെ തീര്‍പ്പാക്കലാണ് നടന്നത്. ഭൂമി തരം മാറ്റത്തിനുള്ള മുഴുവന്‍ അപേക്ഷകളും സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിച്ചത്.

മുകുന്ദപുരം തഹസിൽദാർ നാരായണൻ, ചാലക്കുടി തഹസിൽദാർ അബ്ദുൾ മജീദ്, കൊടുങ്ങല്ലൂർ തഹസിൽദാർ അനിൽകുമാർ എം, മുകുന്ദപുരം എൽ ആർ തഹസിൽദാർ സിമിഷ് സാഹു, ചാലക്കുടി എൽ ആർ തഹസിൽദാർ സുനിൽ മാത്യു, കൊടുങ്ങല്ലൂർ എൽ ആർ തഹസിൽദാർ സുമ ഡി. നായർ എന്നിവർ പങ്കെടുത്തു.

റവന്യുഡിവിഷണൽ ഓഫിസ് ജെ.എസ്.ആൻ്റണി യോഗത്തിന് നന്ദി പറഞ്ഞു. ജൂനിയർ സൂപ്രണ്ട്മാരായ ബിന്ദു, സിന്ധു സി. സിദ്ധകുമാർ, ഗീത, ഷൈല എന്നിവരുടെ നേതൃത്വത്തിൽ റവന്യു ഡിവിഷണൽ ഓഫീസിലേയും മുകുന്ദപുരം താലൂക്ക് ഓഫീസിലെ ജീവനക്കാരും ചേർന്ന് ഉത്തരവുകൾ 15 കൗണ്ടറുകളിലൂടെ വിതരണം ചെയ്തു.