കാഞ്ഞങ്ങാട് മുനിസിപ്പല്‍ പരിധിയിലെ അരയിപ്പാലം റോഡരികില്‍ മാലിന്യം തള്ളിയതിന് പിഴ ചുമത്തി. റോഡരികിൽ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ വി മായാകുമാരിയെയും കൗണ്‍സിലര്‍,  ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെയും വിവരമറിയിച്ചതനുസരിച്ച് പരിസരം സ്‌ക്വാഡ് വിശദമായി പരിശോധിച്ചു. അറവ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ റോഡരികില്‍ വയലിനോട് ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് തള്ളുകയായിരുന്നു. മാലിന്യം തള്ളിയ ബി കെ നാസര്‍ മടിക്കൈയെകൊണ്ടുതന്നെ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ തിരികെ എടുപ്പിക്കുകയും വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മാലിന്യം തള്ളിയതിന്  15,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

      മുനിസിപ്പാലിറ്റിയിലെ ഒഴിഞ്ഞ വളപ്പ് പ്രദേശത്തുള്ള  സ്വകാര്യ റിസോർട്ട് ആൻഡ് ഹോട്ടൽ സ്ഥാപനത്തില്‍ പ്ലാസ്റ്റിക്  ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കത്തിച്ചതിനും പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നതിനുമായി 10000 രൂപ തല്‍സമയ പിഴ ചുമത്തി. ഒഴിഞ്ഞവളപ്പിലെ വീട്ടുപറമ്പില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചതിന്  3000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. പരിസരത്തെ ക്വാര്‍ട്ടേഴ്‌സുകളിലും മറ്റു സ്ഥാപനങ്ങളിലും പരിശോധന നടത്തി.

പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ്  സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദിവ്യശ്രീ, മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.