എംഎസ്‍സി എൽസാ 3 കപ്പൽ കേരള തീരത്ത് മുങ്ങിയതിനെ തുടർന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കപ്പൽ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികൾ ആരംഭിച്ചതായി യോഗം അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും പൊതുജന സുരക്ഷയ്ക്കും മത്സ്യബന്ധന മേഖലയുടെ താൽപ്പര്യങ്ങൾക്കും മുൻഗണന നൽകി സർക്കാർ നടപടികൾ സ്വീകരിക്കുന്നതായി യോഗം അറിയിച്ചു.
തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ പൂർണ്ണമായും മുങ്ങിയ കപ്പലിൽ നിന്ന് ഏകദേശം 100 കണ്ടെയ്‌നറുകൾ കടലിൽ വീണതായി കരുതുന്നതായി യോഗം വിലയിരുത്തി. കപ്പലിലെ ഇന്ധനമായ എണ്ണ ചോർന്ന് കടലിൽ വീണതിനാൽ പരിസ്ഥിതി മലിനീകരണത്തിനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. എല്ലാ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും, എണ്ണപ്പാട കേരള തീരത്തേക്ക് വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും യോഗം അറിയിച്ചു.
കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ആണ് ദേശീയ എണ്ണപ്പാട പ്രതിരോധ പദ്ധതിയുടെ അധ്യക്ഷൻ. അദ്ദേഹം നേരിട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട് എന്നും യോഗം അറിയിച്ചു. കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ ചോർച്ച തടയാൻ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കാൻ ഉള്ള പൊടി എണ്ണപ്പാടക്ക് മേൽ തളിക്കുന്നുണ്ട്.
ഓയിൽസ്പിൽ കണ്ടിജൻസി കൈകാര്യം ചെയ്യുന്നതിനായി കൂടുതൽ ബൂംസ്‌കിമ്മറുകൾ ഉപയോഗിക്കുന്നതിനായി കോസ്റ്റ് ഗാർഡ്, നേവി, പോർട്ട് വകുപ്പ് എന്നിവയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ തെക്കൻ ജില്ലകളിൽ രണ്ട് വീതവും വടക്കൻ ജില്ലകളിൽ ഒന്ന് വീതവും റാപ്പിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിച്ച്, കണ്ടെയ്‌നറുകൾ മാറ്റുന്നതിന് JCB-കളും ക്രെയിനുകളും വിനിയോഗിക്കും. എണ്ണപ്പാട തീരത്ത് എത്തിയാൽ കൈകാര്യം ചെയ്യാൻ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിൽ രണ്ടു വീതം റാപിഡ് റസ്പോൺസ് ടീമുകൾ തൃശൂർ മുതൽ തെക്കൻ ജില്ലകളിലും, വടക്കൻ ജില്ലകളിൽ ഒന്ന് വീതം ടീമും തയ്യാറാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ കണ്ടെയ്‌നറുകൾ എത്താൻ സാധ്യത കൂടുതലാണ് എന്ന് യോഗം അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന നിർദ്ദേശം കാലാവസ്ഥാ സംബന്ധിയായി നൽകിയിട്ടുണ്ടെന്നും, കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ ചുറ്റളവിൽ മത്സ്യബന്ധനം നിരോധിച്ചതായും അധികൃതർ അറിയിച്ചു. തീരത്ത് അപൂർവ വസ്തുക്കൾ, കണ്ടെയ്‌നറുകൾ എന്നിവ കണ്ടാൽ 200 മീറ്റർ അകലം പാലിക്കണമെന്നും, 112 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ഇത് മത്സ്യത്തൊഴിലാളികൾക്കും ബാധകമാണ്.
എണ്ണ കടലിൽ താഴെത്തട്ടിൽ പെട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് കോസ്റ്റ് ഗാർഡ്, നേവി, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, ഫാക്ടറീസ് ആൻഡ് ബോയിലേർസ് എന്നിവയെ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ, പുനീത് കുമാർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എഡിജിപി ലോ ആൻഡ് ഓർഡർ എച്ച്. വെങ്കടേശ്, ദുരന്ത നിവാരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കൗശിഗൻ, സ്‌പെഷ്യൽ സെക്രട്ടറി പരിസ്ഥിതി വകുപ്പ് ശ്രീറാം സാംബശിവ റാവൂ, എൻ.ഡി.എം.എ. ജോയിന്റ് അഡ്വൈസർ ലെഫ്.കേണൽ സഞ്ജീവ് കുമാർ ഷാഹി തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളും സുരക്ഷാ ഏജൻസി പ്രതിനിധികളും ജില്ലാ കളക്ടർമാരും യോഗത്തിൽ പങ്കെടുത്തു.