തദ്ദേശസ്ഥാപന തലത്തിൽ സംഘടിപ്പിക്കുന്ന വികസന സദസ്സുകളോടൊപ്പം വിജ്ഞാന കേരളം തൊഴിൽ മേളകളും നടത്തുന്നതിന് രൂപരേഖ തയ്യാറാക്കാൻ ജില്ലാ പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. വിജ്ഞാന കേരളംമുഖ്യ ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക് അധ്യക്ഷത വഹിച്ചു. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേളകൾ യുവാക്കളുടെ തൊഴിൽ സാധ്യതകൾ ഉറപ്പുവരുത്തുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിൽ മേളകൾ വിജയകരമായി സംഘടിപ്പിക്കുന്നതിന് പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തിലുള്ള ഏകോപനം ശക്തിപ്പെടുത്തണമെന്നും പ്രാദേശിക കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും യോഗം നിർദേശിച്ചു. പഞ്ചായത്ത്, നഗരസഭ തലത്തിൽ പ്രമുഖ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് തൊഴിൽ മേളകൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ബീൻസ് ഡി തോമസ്, വിജ്ഞാന കേരളം ഡിഎംസി സി കെ ഷിബു, കുടുംബശ്രീ ഡിഎംസി എസ് രഞ്ജിത്ത്, ജില്ലാ പ്രോഗ്രാം മാനേജർമാരായ ഡാനി വർഗീസ്, നീനു ജോസ്, ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർമാർ, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഡിഡിയുജികെവൈ ബ്ലോക്ക്‌ കോർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.