ആന്റിബയോട്ടിക് സാക്ഷര കേരളം-ആരോഗ്യ സുരക്ഷിത കേരളം എന്ന ലക്ഷ്യത്തോടെ നവംബർ 18 മുതൽ 24 വരെ ആചരിക്കുന്ന ആന്റിബയോട്ടിക് റെസിസ്റ്റൻസ് ബോധവത്കരണ വാരാചരണത്തിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡി.എം.ഒ ഇൻ ചാർജ് ഡോ. കെ ടി രേഖ പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി. സച്ചിൻ ദിനാചരണ സന്ദേശം കൈമാറി.
ജില്ലാ ആശുപത്രിയുടെ ആന്റിബയോട്ടിക് പോളിസി ജില്ലാ ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറി പ്രകാശനം ചെയ്തു. ആരോഗ്യവകുപ്പ് പുറത്തിറക്കിയ ആന്റിബയോട്ടിക് സാക്ഷര കേരളം, ആരോഗ്യ സുരക്ഷിത കേരളം, നവജാത ശിശു സംരക്ഷണ വാരാചാരണം എന്നിവയുടെ പോസ്റ്ററുകൾ ഡോ. രേഖ കെ.ടി. പ്രകാശനം ചെയ്തു.
ആന്റിബയോട്ടിക് റെസിസ്റ്റൻസ് ബോധവത്കരണത്തിന്റെ പ്രാധാന്യം
ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം മൂലം അപകടകാരികളായ ബാക്ടീരിയകൾ ശക്തിപ്രാപിക്കുകയും അവയ്‌ക്കെതിരെ ചികിത്സ ഫലിക്കാതാവുകയും ചെയ്യും. ഇതിനെ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ) എന്ന് വിളിക്കുന്നു.
1. ആന്റിബയോട്ടിക് മരുന്നുകൾ ഫലിക്കാതായാൽ കാൻസർ, ക്ഷയരോഗം, ന്യൂമോണിയ തുടങ്ങിയ ഗുരുതര രോഗങ്ങൾ മാത്രമല്ല സാധാരണയുള്ള ചെറിയ മുറിവിൽ നിന്നുള്ള അണുബാധ പോലും നമ്മുടെ മരണത്തിന് കാരണമാകാം. ശസ്ത്രക്രിയകൾ അസാധ്യമാകും, പ്രസവ ചികിത്സകൾ ദുഷ്കരമാകും.
2. ബാക്റ്റീരിയ മൂലമുള്ള ചില രോഗങ്ങൾക്ക് മാത്രമേ ആന്റിബയോട്ടിക് മരുന്നുകൾ ആവശ്യമുള്ളൂ. പനി, ചുമ, ജലദോഷം തുടങ്ങി നമുക്കുണ്ടാകുന്ന രോഗങ്ങൾ ഭൂരിഭാഗവും വൈറസുകൾ മൂലമാണ്. അവ ഭേദമാക്കാൻ ആന്റി ബയോട്ടികക്കുകൾ ഫലപ്രദമല്ല.
3. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ആന്റി ബയോട്ടിക് മരുന്നുകൾ ഒരിക്കലും ഉപയോഗിക്കരുത്.
4. ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടിയില്ലാതെ അവ വാങ്ങിക്കഴിക്കുകയോ ചെയ്യരുത്.
5. ചികിത്സയ്ക്ക് ശേഷം അവശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ വീണ്ടും ഉപയോഗിക്കരുത്.
6. അവശേഷിക്കുന്നതോ കാലാവധി കഴിഞ്ഞതോ ആയ ആന്റിബയോട്ടിക്കുകൾ മണ്ണിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്. അവ സമീപത്തെ സർക്കാർ ആശുപത്രിക്ക് കൈമാറുക.
7. ഡോക്ടർ നിർദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകൾ പൂർണമായും കൃത്യമായും കഴിക്കുക. രോഗ ലക്ഷണങ്ങൾ കുറഞ്ഞുവെന്ന കാരണത്താൽ ഇടയ്ക്കുവെച്ച് നിർത്തരുത്.
8. ഡോക്ടർ നിർദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത് മറ്റുള്ളവർക്ക് നിർദ്ദേശിച്ച മരുന്നുകൾ വാങ്ങി കഴിക്കുകയുമരുത്.
9. കോഴിവളർത്തലിലും കന്നുകാലിവളർത്തലിലും മത്സ്യകൃഷിയിലും ആന്റിബയോട്ടിക് മരുന്നുകൾ വെറ്ററിനറി ഡോക്ടറുടെ നിദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക. കോഴികളുടെ വളർച്ചകൂട്ടാനായി ഒരുകാരണവശാലും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്.
10. ആരോഗ്യകരമായ ജീവിതത്തിനു ഏറ്റവും ഉത്തമം അണുബാധകൾ തടയുകയാണ്. അതിനായി അടിയ്ക്കടി കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക.
11. ലഭ്യമായ പ്രതിരോധ കുത്തിവെപ്പുകൾ കൃത്യമായി എടുക്കുക. രോഗികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക
