നിയമങ്ങള്‍ പാലിക്കുന്നത് ഉദ്യോഗസ്ഥരെയോ എ.ഐ. ക്യാമറകളെയോ ഭയന്നാകരുതെന്നും, അത് സ്വന്തം സുരക്ഷയ്ക്കാണെന്ന ബോധ്യം എല്ലാവരിലുമുണ്ടാകണമെന്നും ടി.വി. ഇബ്രാഹിം എം.എല്‍.എ. കൊണ്ടോട്ടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ ചെറുക്കുന്നതിനായി ഡ്രൈവര്‍മാരിലും പൊതുജനങ്ങളിലും ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ജനുവരി ദേശീയ റോഡ് സുരക്ഷാ മാസാമായി ആചരിക്കുന്നത്.

‘നമ്മുടെ ജീവന്‍ സംരക്ഷിക്കുന്നതുപോലെ തന്നെ മറ്റുള്ളവരുടെ ജീവനും വിലമതിപ്പുള്ളതാണെന്ന് നാം ഓര്‍ക്കണം. പലപ്പോഴും നിയമലംഘനങ്ങളാണ് റോഡുകളിലെ വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. വികസനത്തിന്റെ അടയാളങ്ങളായ അതിവേഗ പാതകള്‍ ഒരിക്കലും മനുഷ്യജീവന്‍ പൊലിയുന്ന ഇടങ്ങളായി മാറാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു

കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഡയാലിസിസ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി മുഖ്യാതിഥിയായി. കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ യു.കെ. മമ്മദീശ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖ് റോഡ് സുരക്ഷാ സന്ദേശം നല്‍കി. എ.എം.വി.ഐ. എ.കെ മുസ്തഫ ബോധവത്കരണ ക്ലാസ് എടുത്തു. ജോയിന്റ് ആര്‍.ടി.ഒ എ.പി. മിനി, എ.എം. വി.ഐ. കെ.സി. സൗരഭ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.