പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പത്ര- ദ്യശ്യ-ശ്രവ്യ- സാമൂഹിക മാധ്യമങ്ങളിലെ വാര്‍ത്തകള്‍, പരസ്യ ചെലവുകള്‍ എന്നിവ നിരീക്ഷിക്കുന്നതിനായി ജില്ലാതല മാധ്യമ നിരീക്ഷക സമിതി രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ നരേന്ദ്രനാദ് വേളൂരി, സാമൂഹ്യ മാധ്യമ വിദഗ്ധനായ കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ സ്മിതി, പാലക്കാട് ദൂരദര്‍ശന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.അച്യുതന്‍ കുട്ടി നായര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകനെന്ന നിലയില്‍ പ്രസ് ക്ലബ് പ്രസിഡന്റും മലയാള മനോരമ ചീഫ് സബ് എഡിറ്ററുമായ സി.കെ.ശിവാനന്ദന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ.ഉണ്ണികൃഷ്ണന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
പണം നല്‍കി വാര്‍ത്ത കൊടുക്കുന്നത് തടയുക, ദൃശ്യ- ശ്രവ്യ- പത്ര- മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വരുന്ന തെരഞ്ഞെടുപ്പു വാര്‍ത്തകള്‍ നിരീക്ഷിക്കുക, സ്ഥാനാര്‍ത്ഥികളുടേയും രാഷ്ട്രീപാര്‍ട്ടികളുടേയും പേരില്‍ വരുന്ന പരസ്യങ്ങള്‍, അവയുടെ ചെലവുകള്‍ തുടങ്ങിയവയാണ് പ്രധാനമായും സമിതി നിരീക്ഷിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം റിട്ടേണിങ്ങ് ഓഫീസറും അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസറും സാമൂഹിക മാധ്യമ വിദഗ്ധനും ഉള്‍പ്പെടുന്ന സമിതി അംഗീകരിച്ച പരസ്യങ്ങള്‍ മാത്രമെ പ്രചരിപ്പിക്കാനാകു. മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ചെലവുകള്‍ കണക്കാക്കും. സ്ഥാനാര്‍ത്ഥിയുടെ അറിവോ സമ്മതമോ ഇല്ലാതെ പത്രങ്ങളില്‍ പരസ്യം പ്രത്യക്ഷപ്പെട്ടാല്‍ ഐ.പി.സി സെക്ഷന്‍ 171 എച്ച് പ്രകാരം പബ്ലിഷര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്. പീപ്പിള്‍സ് ആക്ട് 1951 സെക്ഷന്‍ 127 എ പ്രകാരം പ്രചാരണത്തിനായി വിതരണം ചെയ്യുന്ന ലഘുലേഖ, പോസ്റ്റര്‍ എന്നിവയില്‍ പബ്ലിഷറിന്റെയും പ്രിന്ററുടെയും പേര് അച്ചടിച്ചിട്ടുണ്ടോ എന്നതും സമിതി നിരീക്ഷിക്കും.