നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഉഴുതു മുറിഞ്ഞ പാടത്തേക്ക് വിത്തെറിഞ്ഞ പാരമ്പര്യകര്‍ഷകര്‍. ഇവരോടുള്ള ആദരവ് കൂടിയാണ് കല്‍പ്പറ്റ എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ മാനന്തവാടി ബ്ലോക്ക് ഒരുക്കിയ കൃഷി വകുപ്പിന്റെ വൃഹി ധരണി സ്റ്റാള്‍. വൃഹി ധരണി എന്നാല്‍ നെല്‍പ്പാടം. പ്രകൃതിയുടെ പാനമാത്രമായ നെല്‍വയലുകളില്‍ കാലങ്ങളോളം നാടിന്റെ പത്തായപ്പുരകള്‍ നിറച്ച നെല്‍വിത്തുകളുടെ ബ്രഹത് ശേഖരമാണ് ഇവിടെ പുതിയ തലമുറകള്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സമൃദ്ധമായി വിളഞ്ഞതും ഇപ്പോഴും കൃഷി ചെയ്യുന്നതുമായ അമൂല്യ വിത്തുകളെയും ഇവിടെ പ്രദര്‍ശനത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിലെ കര്‍ഷകരുടെ ശേഖരത്തില്‍ നിന്നാണ് ഇവര്‍ മേളയില്‍ ഈ വിത്തുകള്‍ എത്തിച്ചത്. വയനാട്ടിലെ അന്യം നിന്നുപോയ നൂറില്‍പ്പരം നെല്‍വിത്തുകളില്‍ വയനാട്ടിലെ കര്‍ഷകരില്‍ ഇപ്പോഴും കാലത്തെ അതിജീവിക്കുന്ന മുപ്പതോളം വിത്തുകളെ ഇവിടെ പരിചയപ്പെടാം. അതിരാവിലെ കതിര് വിരിഞ്ഞാല്‍ വൈകീട്ട് കൊയ്‌തെടുക്കാന്‍ കഴിയുന്ന അന്നൂരി, മാജിക് റൈസ് എന്നറിയപ്പെടുന്ന അകോനി ബോറ, വയലറ്റ് നിറത്തിലുള്ള കൃഷ്ണകൗമോദ് തുടങ്ങിയ വടക്കേ ഇന്ത്യന്‍ നെല്‍വിത്തുകളും പാല്‍തൊണ്ടി, വെളിയന്‍, ചോമാല, മുള്ളന്‍ കയമ, ഗന്ധകശാല തുടങ്ങിയ വയനാടന്‍ സ്വന്തം നെല്‍വിത്തുകള്‍ വൃഹ്യ ധരണിയുടെ വിത്തുപുരയിലുണ്ട്. വൃഹി ധരണി സന്ദര്‍ശിക്കുന്നവരെ ചെറുപുഞ്ചിരിയോടെ വരവേല്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് ഭാഗ്യചിഹ്നമായ ചില്ലു അണ്ണാനമുണ്ട്.
ആയിരത്തിലധികം വിവിധയിനം നെല്‍വിത്തുകള്‍കൊണ്ടാണ് ചില്ലു അണ്ണാനെ ഉണ്ടാക്കിയത്. രാംലി, കാലജീര, രക്തശാലി, ആസ്സാം ബ്ലാക്ക് തുടങ്ങിയ എട്ടോളം നെല്‍വിത്തിനങ്ങളാണ് ഇതിനായി ഉപോയഗിച്ചത്. പാഡി ആര്‍ട്ടില്‍ ഇതിനകം ശ്രദ്ധേയനായ തൃശ്ശിലേരിയിലെ നെല്‍കര്‍ഷകനായ ജോണ്‍സണനാണ് ദിവസങ്ങളോളം പരിശ്രമിച്ച് നെല്‍വിത്തുകളില്‍ ചീരുവിനെ അണിയിച്ചൊരുക്കിയത്. തൊട്ടനോക്കിയും അടുത്തറിഞ്ഞും സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ കൗതുകത്തോടെയാണ് ചില്ലു അണ്ണാനെ വീക്ഷിക്കുന്നത്. ജില്ലയിലെ പ്രധാന പാരമ്പര്യ നെല്‍കര്‍ഷകരുടെയും നെല്‍കൃഷിയില്‍ നൂതന പരീക്ഷണങ്ങള്‍ നടത്തുന്നവരുടെയും പിന്തുണയോടെയാണ് ഈ പ്രദര്‍ശന സ്റ്റാളുകള്‍ വിത്തുകളുടെ ശേഖരണം കൊണ്ട് വേറിട്ട് നില്‍ക്കുന്നത്. പ്രസീദ് തയ്യിലിന്റെ ശേഖരത്തിലുള്ള നെല്‍ വിത്തിനങ്ങളും, വ്യത്യസ്ഥ അരി ഉത്പന്നങ്ങളും വൃഹി ധരണിയെ സമ്പുഷ്ടമാക്കുന്നു. അസിസ്റ്റന്‍ഡ് കൃഷി ഡയറക്ടര്‍ കെ.കെ രാമുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വൃഹി ധരണിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.