ചിത്രരചനാ ക്യാമ്പിനിടയിൽ ലളിതകലാ അക്കാദമിയിലേയ്ക്ക് അപ്രതീക്ഷിത അതിഥിയായി റവന്യൂമന്ത്രി കെ രാജൻ.
ചിത്രോത്സവം ചിത്രരചനാ ക്യാമ്പ് പുരോഗമിക്കവെയാണ് വിദ്യാർത്ഥികൾക്കിടയിലേയ്ക്കുള്ള മന്ത്രിയുടെ വരവ്. വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ ആസ്വദിച്ച മന്ത്രി അവരെ അഭിനന്ദിച്ചു. ഒറ്റ ക്യാൻവാസിലേയ്ക്ക് വ്യത്യസ്ത നിറങ്ങളെ കൂടിയാജിപ്പിക്കുന്നത് പോലെയാണ് ഇന്ത്യ എന്ന ആശയമെന്ന് മന്ത്രി പറഞ്ഞു. നിറക്കൂട്ട് പോലെ നമ്മുടെ രാജ്യത്ത് വിഭിന്നമായ ഭാഷയും സംസ്കാരവും നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യ എന്നത് ഒരൊറ്റ വികാരമാണ്. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര. ഇന്ത്യ എന്നത് ഒരൊറ്റ സംസ്കാരമല്ലെന്നും വിഭാഗീയതയുടെ കാലത്ത് ബഹുസ്വരതയെ ചേർത്തുപിടിക്കുക എന്നതാണ് കാലം ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ധീര സ്മരണകളെ ഓർമ്മിപ്പിച്ച മന്ത്രി പുതിയ തലമുറ ഭരണഘടനയുടെയും രാജ്യത്തിന്റെയും സംരക്ഷകരാകേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ലളിതകലാ അക്കാദമി, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് ലളിതകലാ അക്കാദമിയിൽ ക്യാമ്പ് സംഘടിപ്പിച്ചത്.