ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ ഭരണ നിർവ്വഹണ രംഗത്ത് പ്രകടമാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഏറാമല ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ജി.ഐ.എസ് അധിഷ്ഠിത ഗ്രാമപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണ പ്രസ്ഥാനവും മുന്നോട്ടു വെച്ച കാഴ്ചപ്പാടുകൾ സാക്ഷാത്ക്കരിക്കപ്പെടുന്നത് ഇത്തരം പദ്ധതികളിലൂടെയാണ്. പൊതു വികസന മുന്നേറ്റത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ വികസനം പ്രധാന ഘടകമാണ്. ഇതിന്റെ ഭാഗമാണ് ടൂറിസം പദ്ധതികളിലെ പ്രാദേശിക ഭരണകൂടങ്ങളുടെ സാന്നിധ്യം.
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. മറ്റേത് സംസ്ഥാനങ്ങളെക്കാളും കൂടുതൽ വികസന ഫണ്ട് കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നുണ്ട്. സർക്കാരുകൾ മാറി മാറി വന്നിട്ടും സർക്കാരിന് പ്രതിസന്ധികളുണ്ടായിട്ടും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ചിട്ടില്ല. ഫിനാൻസ് കമ്മീഷനുകളുടെ അവാർഡുകൾ കൃത്യമായി നടപ്പാക്കുന്ന അപൂർവ്വം സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തിന്റെ ഇ- ഗവേൺസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജി.ഐ.എസ് അധിഷ്ഠിത പഞ്ചായത്ത് പദ്ധതിക്ക് ഏറാമല പഞ്ചായത്ത് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായുള്ള മൊബൈൽ ആപ്പ് കെ.കെ രമ എം.എൽ.എ നാടിന് സമർപ്പിച്ചു. പഞ്ചായത്തിലെ തൊഴിൽ അന്വേഷകർക്കായി ആരംഭിക്കുന്ന ലേബർ ബാങ്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന
വിവിധ ആവശ്യങ്ങളും കൂടാതെ പരാതി, നിവേദനം, അപേക്ഷ, ഗുണഭോക്തൃ വിഹിതം തുടങ്ങി എല്ലാ കാര്യങ്ങളും ഏറാമല ഗ്രാമപഞ്ചായത്ത് എന്ന ആപ്പിലൂടെ നൽകാം. പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഇ.എൽ.ടി.എസുമായി സഹകരിച്ചാണ് ജി.ഐ.എസ് മാപ്പിംഗ് പൂർത്തീകരിച്ചത്.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഇങ്ങോളി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ദീപ് രാജ് സ്വാഗതം പറഞ്ഞു. വടകര ബ്ലോക്ക് വൈസ് പ്രസിഡന്റ് വി. കെ സന്തോഷ് കുമാർ, പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ പ്രസിത എം.പി, ക്ഷേമകാര്യ ചെയർമാൻ പ്രഭാകരൻ പറമ്പത്ത്, ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൺ ജസീല വി.കെ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി നിഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.കെ ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സരിത എ.എസ് നന്ദി പറഞ്ഞു. പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.