ഈ വർഷം നവംബർ ഒന്നിനകം സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന വകുപ്പായി റവന്യൂ വകുപ്പ് മാറുമെന്ന് മന്ത്രി കെ രാജൻ. നവംബർ ഒന്നിനകം വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടറിയേറ്റ് വരെ എല്ലാ സേവനങ്ങളും സ്മാർട്ട് ആകും. ബേപ്പൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 94 ലക്ഷം കുടുംബങ്ങളിൽ ഓരോ വീട്ടിലും ഒരാൾക്കെങ്കിലും ഡിജിറ്റൽ ഡിവൈസിലൂടെ റവന്യൂ സേവനങ്ങൾ പര്യാപ്തമാക്കാൻ കഴിയുന്ന വിധത്തിൽ സംസ്ഥാനത്ത് റവന്യൂ ഇ-സാക്ഷരതക്ക് തുടക്കം കുറിക്കാൻ പോവുകയാണെന്ന് മന്ത്രി പറഞ്ഞു. മെയ് മാസത്തിൽ ആരംഭിച്ച് രണ്ടു വർഷത്തിനകം ഇത് പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ഓഫീസുകളെ കാലത്തിനനുസരിച്ച് മാറ്റുന്നത് ജീവനക്കാർക്കും ജനങ്ങൾക്കും സൗകര്യപ്രദമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു.
44 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. 1300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ വെയ്റ്റിംഗ് ഏരിയ, ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസർ റൂം, ഓഫീസ്, റെക്കോർഡ് റൂം, ഡൈനിങ്, മീറ്റിംഗ് റൂം, സ്റ്റാഫുകൾക്ക് വേണ്ടിയും അംഗപരിമിതർക്കു വേണ്ടിയും പ്രത്യേകം ശുചിമുറി സൗകര്യം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർമ്മിതി കേന്ദ്രം റീജിണൽ എൻജിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു.
മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. കോർപ്പറേഷൻ സ്ഥിരം സമിതി അംഗം കെ കൃഷ്ണകുമാരി, കൗൺസിലർമാരായ കെ രാജീവ്, വാടിയിൽ നവാസ്, എം ഗിരിജ ടീച്ചർ, ടി രജനി, കെ സുരേശൻ, ടി കെ ഷമീന, ജില്ലാ കലക്ടർ എ ഗീത, എഡിഎം സി. മുഹമ്മദ് റഫീഖ്, തഹസിൽദാർ എ.എം പ്രേംലാൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.