മീനങ്ങാടി മൈലമ്പാടി സ്വദേശിനി ലിസി എല്‍ദോസ്, നെന്മേനി സ്വദേശി എ.ജെ കുഞ്ഞുമോളും മന്ത്രി വി. അബ്ദുറഹ്മാന്റെ ഉറപ്പിന്റെ ആശ്വാസത്തിലാണ് കരുതലും കൈത്താങ്ങും അദാലത്തില്‍ നിന്ന് മടങ്ങിയത്. പുഴയോട് ചേര്‍ന്ന് താമസിക്കുന്ന ലിസി എല്‍ദോസിന് പുഴയില്‍ വീണു കിടക്കുന്ന കോണ്‍ക്രീറ്റ് ഭാഗം മഴയ്ക്ക് മുന്നേ നീക്കും എന്നും വീടിന് സംരക്ഷണഭിത്തി കെട്ടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്കി. നാല് വര്‍ഷമായി വീടിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനം സൃഷ്ടിക്കുന്ന പ്രശ്നവുമായാണ് എ.ജെ കുഞ്ഞുമോള്‍ അദാലത്തിലെത്തിയത്. പഞ്ചായത്ത് അധികൃതരെ നേരിട്ട് കണ്ട് മന്ത്രി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. ലൈഫ് മിഷന്, സിവില്‍ സപ്ലൈസ്, റവന്യൂ എന്നിങ്ങനെ മന്ത്രിയുടെ മുന്നിലെത്തിയ പരാതികളില്‍ ബന്ധപ്പെട്ട് വകുപ്പ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് പരാതികളിലെ നിയമവശങ്ങള്‍ ചോദിച്ചറിഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിയമപരമായ പ്രശ്നങ്ങള്‍ ഇല്ലാത്ത വിഷയങ്ങളില്‍ അടിയന്തരമായി ഇടപെടാന്‍ നിര്‍ദേശിച്ചു.